നിക്ഷേപവും തൊഴിലും, പൗരസേവനം, വയോജന പരിചരണവും സുരക്ഷയും, ഭരണവും നിയമനിര്‍വ്വഹണവും, പഠനവും നൈപുണ്യ വികസനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന എഐ സംവിധാനങ്ങള്‍ ഇതിനോടകം സി-ഡിറ്റ് വികസിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളിലും പൊതുഭരണ സംവിധാനങ്ങളിലും നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് യാഥാര്‍ഥ്യമാകുന്നു. പട്ടത്തുള്ള സി-ഡിറ്റ് ഐസിടി കോംപ്ലക്‌സിലാണ് ലാബ് തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി മലയാളം കേന്ദ്രീകരിച്ചുള്ള ദ്വിഭാഷാ എഐ സംവിധാനങ്ങളാണ് സി-ഡിറ്റ് വികസിപ്പിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനത്ത് നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യക്ക് വേണ്ടി ഒരു വകുപ്പും മന്ത്രിയുമുണ്ടാകുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള നിര്‍മ്മിതബുദ്ധി വകുപ്പിന്റെ ആദ്യ ചുവടുവെപ്പുകളിലൊന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ്.

മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാനും കേള്‍ക്കാനും വിവരങ്ങള്‍ മനസ്സിലാക്കി മറുപടി നല്‍കാനും കഴിയുന്ന സംവിധാനങ്ങള്‍, ഔദ്യോഗികവും സ്ഥിരീകരിക്കപ്പെട്ടതുമായ സര്‍ക്കാര്‍ വിവരങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യ, ശബ്ദത്തെ എഴുത്തായും എഴുത്തിനെ സ്വാഭാവിക ശബ്ദമായും മാറ്റുന്ന സംവിധാനം എന്നിവ സി-ഡിറ്റിന്റെ നിര്‍മ്മിതബുദ്ധി സംരംഭങ്ങളുടെ സവിശേഷതകളാണ്. നിക്ഷേപവും തൊഴിലും, പൗരസേവനം, വയോജന പരിചരണവും സുരക്ഷയും, ഭരണവും നിയമനിര്‍വ്വഹണവും, പഠനവും നൈപുണ്യ വികസനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന എഐ സംവിധാനങ്ങള്‍ ഇതിനോടകം സി-ഡിറ്റ് വികസിപ്പിച്ചിട്ടുണ്ട്.

വിദേശ മലയാളികളുടെ നിക്ഷേപ-തൊഴില്‍ ആവശ്യങ്ങള്‍ക്ക് സഹായകമായ ഷെര്‍പ്പ, വിവിധ സര്‍ക്കാര്‍ സേവനങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന സി-ഡിറ്റ് എഐ ഏജന്റ്, സര്‍ക്കാര്‍ ഉത്തരവുകളും രേഖകളും എളുപ്പത്തില്‍ കണ്ടെത്താനും മനസ്സിലാക്കാനും സഹായിക്കുന്ന സര്‍ക്കാര്‍ രേഖാ പോര്‍ട്ടല്‍, വയോജനങ്ങളുടെ അടിയന്തര സുരക്ഷയ്ക്കുള്ള സഹായ-മായ, സഹകരണ സ്ഥാപനങ്ങളുടെ ബൈലോകളുടെ നിയമപരമായ പരിശോധനയ്ക്കുള്ള സംവിധാനം, നിര്‍മ്മിതബുദ്ധി അധിഷ്ഠിത പഠന-പരിശീലന സംവിധാനം എന്നിവ നിലവിലെ സി-ഡിറ്റ് സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. വെവ്വേറെ പദ്ധതികള്‍ക്കായി ഓരോ തവണയും സാങ്കേതികവിദ്യ പുതുതായി വികസിപ്പിക്കുന്നതിനു പകരം, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പുനരുപയോഗിക്കാവുന്ന പൊതുവായ നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സി-ഡിറ്റിന്റെ സമീപനം.

ഇതിലൂടെ പുതിയ സേവനങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാനും ഒരേ നിലവാരത്തിലുള്ള സാങ്കേതിക ഗുണമേന്മ ഉറപ്പാക്കാനും കഴിയും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യത്തില്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ഡാറ്റയുടെ സുരക്ഷയും സാങ്കേതിക നിയന്ത്രണവും സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തുക എന്നതിനും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിന്റെ ഭാഷയും ഭരണസംവിധാനങ്ങളും പൊതുസേവന ആവശ്യങ്ങളും കൂടുതല്‍ കൃത്യമായി മനസ്സിലാക്കുന്ന, സര്‍ക്കാര്‍ നിയന്ത്രിതമായ സ്വന്തം നിര്‍മ്മിതബുദ്ധി മാതൃക ഭാവിയില്‍ വികസിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യവും സി-ഡിറ്റ് എഐ ലാബിനുണ്ട്.