കുട്ടി ആത്മഹത്യ സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ കുടുംബത്തിൻ്റെ ആരോപണത്തെ സ്കൂൾ അധികൃതർ നിഷേധിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് തേജസ് പെരിന്തൽമണ്ണ വീട്ടിലെ മുറിയിൽ ജീവൻ ഒടുക്കിയത്

മലപ്പുറം: പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ കുടുംബത്തിൻ്റെ ആരോപണത്തെ സ്കൂൾ അധികൃതർ നിഷേധിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് തേജസ് പെരിന്തൽമണ്ണ വീട്ടിലെ മുറിയിൽ ജീവൻ ഒടുക്കിയത്. പ്രധാനാധ്യാപികയും, ക്ലാസ് ടീച്ചറും തേജസ്സിനെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു. കുടുംബത്തിൻറെ ആരോപണത്തെ പൂർണ്ണമായും തള്ളുകയാണ് സ്കൂൾ അധികൃതർ. 

അസ്വാഭാവിക മരണത്തിന് കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ അന്വേഷണം എങ്ങും എത്താത്തതിനെ തുടർന്നാണ് കഴിഞ്ഞദിവസം എസ് പിക്ക് പരാതി നൽകിയത്. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്, ഫ്രറ്റേണിറ്റി, എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ സ്കൂൾ അന്വേഷണം നടത്തും. ആരോപണവിധേയരായ അധ്യാപകരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

YouTube video player