Asianet News MalayalamAsianet News Malayalam

'നേരത്തേ കണ്ടെത്തേണ്ടിയിരുന്നു'; കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം ഗൗരവമുള്ളതെന്ന് മന്ത്രി കടകംപള്ളി

"ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. നമ്മുടെ സംസ്ഥാനം കുടുംബാസൂത്രണ രംഗത്ത് ഇത്രയേറെ മുന്നോട്ട് വന്നെന്ന് പറയുമ്പോഴും ഈ ഒരു അവസ്ഥ എങ്ങനെയുണ്ടായി?"

mother sent children to child welfare council kadakampally surendran reaction
Author
Thiruvananthapuram, First Published Dec 3, 2019, 11:15 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം നേരത്തേ കണ്ടെത്തേണ്ടിയിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്നും ഗവണ്‍മെന്‍റ് ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കടകംപളളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: 

"ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഏഴു വര്‍ഷത്തിനിടെ ആറുകുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മയുടെ അവസ്ഥ. നമ്മുടെ സംസ്ഥാനം കുടുംബാസൂത്രണ രംഗത്ത് ഇത്രയേറെ മുന്നോട്ട് വന്നെന്ന് പറയുമ്പോഴും ഈ ഒരു അവസ്ഥ എങ്ങനെയുണ്ടായി? എന്തുകൊണ്ട് പ്രസവത്തിന് ചെല്ലുമ്പോള്‍ ആശുപത്രി അധികൃതരോ മറ്റോ അവരെ ഉപദേശിക്കാനോ ആവശ്യമായ സഹായം നല്‍കാനോ മുതിര്‍ന്നില്ല?" സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്നും വളരെ ഗൗരവത്തോടെയാണ് ഗവണ്‍മെന്‍റ് ഈ സംഭവത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി കടകംപള്ളി കൂട്ടിച്ചേര്‍ത്തു. 

'കുട്ടികളെ കണ്ടെത്തിയത് തണല്‍ പദ്ധതിയുടെ വിജയം; ആ മക്കളെയും കുടുംബത്തെയും സംരക്ഷിക്കു'മെന്നും ആരോഗ്യമന്ത്രി

ഇന്നലെയാണ് നാടിനെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവന്നത്. തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്‍റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കുകയായിരുന്നു. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം.കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള പണമോ മറ്റ് സഹായങ്ങളോ ഭര്‍ത്താവ് നല്‍കിയിരുന്നില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥയും ഉണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു.

'മക്കളെ ശിശുക്ഷേമസമിതിക്ക് നല്‍കിയ സംഭവം വേദനിപ്പിക്കുന്നത്'; കുടുംബത്തിന് ഫ്ലാറ്റും അമ്മയ്ക്ക് ജോലി

മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു. സംഭവം പുറത്ത് വന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയത്. അമ്മയ്ക്ക് താല്‍കാലിക ജോലി നല്‍കുമെന്നും പണിപൂര്‍ത്തിയായ ഒരു ഫ്ലാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ പ്രതികരിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios