കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും യുഡിഎഫ്  ബഹിഷ്കരിച്ചു. പി കെ രാകേഷിനോട് എതിർപ്പുള്ള യുഡിഎഫ് അംഗങ്ങളുടെ പിന്തുണ കിട്ടുമെന്ന എൽഡിഎഫിന്‍റെ പ്രതീക്ഷ യുഡിഎഫ് ബഹിഷ്കരണത്തോടെ ഇല്ലാതായി.

55 അംഗ കൗൺസിലിൽ അവിശ്വാസ പ്രമേയം വിജയിക്കാൻ 28 പേരുടെ പിന്തുണയായിരുന്നു ആവശ്യം. 26 പേരുടെ അംഗബലം മാത്രമുള്ള ഇടതുമുന്നണിക്ക് പി കെ രാകേഷിനോട് എതിർപ്പുള്ള മുസ്ലീം ലീഗിലെ ചില അംഗങ്ങളുടെ വോട്ട് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാവിലെ മുസ്ലീം ലീഗ് ഓഫീസിൽ ചേർന്ന യുഡിഎഫ് കൗൺസിലർമാരുടെ യോഗത്തിൽ ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രമേയം പാസാകാനുള്ള എല്ലാ സാധ്യതയും ഇതോടെ അവസാനിച്ചു.  

വോട്ടെടുപ്പ് ബഹിഷ്കരിക്കാനുള്ള യുഡിഎഫിന്‍റെ തീരുമാനം അംഗങ്ങൾ കാലുമാറുമെന്ന പേടികൊണ്ടാണെന്നാണ് എൽഡിഎഫിന്‍റെ ആരോപണം. കഴിഞ്ഞ മാസം 17ന് ഇടത് മേയർ ഇ പി ലതക്കെതിരെ യു‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നു. കൂറുമാറി യുഡിഎഫിനൊപ്പം ചേ‍ർന്ന ഡെപ്യൂട്ടി മേയർ പി കെ രാകേഷിന്‍റ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഈ മാസം നാലിനാണ് മേയർ തെരഞ്ഞെടുപ്പ്. സുമ ബാലകൃഷ്നാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽ‍ഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മേയർ ഇ പി ലത തന്നെ മത്സരിക്കുമെന്നാണ് സൂചന.