Asianet News MalayalamAsianet News Malayalam

നാളെ മുതൽ വീണ്ടും വാഹനപരിശോധന, ഉയർന്ന പിഴയില്ല: ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

ചട്ടലംഘനങ്ങളിൽ തൽക്കാലം പിഴയീടാക്കില്ല. പകരം കോടതിയെ ചട്ടലംഘനങ്ങൾ അറിയിക്കും. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നു. 

motor vehicle act again vehicle checking resumes tomorrow
Author
Thiruvananthapuram, First Published Sep 18, 2019, 4:19 PM IST

തിരുവനന്തപുരം: ഓണക്കാലത്തേക്ക് നിർത്തി വച്ച മോട്ടോർ വാഹനങ്ങളുടെ പരിശോധന നാളെ മുതൽ വീണ്ടും തുടങ്ങും. എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.

മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്. 

കേന്ദ്രനിയമം തിരുത്തുന്നതെങ്ങനെ?

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല. 

കനത്ത പിഴ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാൻ കൂടിയാണ് പുതിയ നീക്കം.

Follow Us:
Download App:
  • android
  • ios