പരിശീലകരായി യോഗ്യതയില്ലാത്തവരെ നിയമിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയതോടെ ഡ്രൈവിംഗ് സ്കൂളുകള്‍ പൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു
കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ മിന്നല്‍ പരിശോധന. പരിശീലകരായി യോഗ്യതയില്ലാത്തവരെ നിയമിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയതോടെ ചില ഡ്രൈവിംഗ് സ്കൂളുകള്‍ പൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു.
പല സ്കൂളുകളും ഡ്രൈവിംഗ് പരിശീലനം നല്‍കുന്നത് യോഗ്യതയില്ലാത്ത പരിശീലകരെ ഉപയോഗിച്ചാണെന്നായിരുന്നു ഗതാഗത വകുപ്പിന് കിട്ടിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനയ്ക്ക് ഇറങ്ങിയത്. വിവരം ചോരാതിരിക്കാന്‍ ഉദ്യോഗസ്ഥരെ ജില്ലകള്‍ മാറ്റിയായിരുന്നു നിയോഗിച്ചത്. ഏറെ മുന്‍കരുതൽ എടുത്തിരുന്നെങ്കിലും പരിശോധനാ വിവരം ചോര്‍ന്നതോടെ ചില ഡ്രൈവിംഗ് സ്കൂളുകളുടെ ഓഫീസ് അടച്ച് ജീവനക്കാര്‍ സ്ഥലം വിട്ടു. കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. പരിശോധനയോട് സഹകരിക്കാത്ത ഡ്രൈവിംഗ് സ്കൂളുകള്‍ക്കെതിരെയും നടപടിയുണ്ടാകും.
