വയനാട്: വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നും തെറിച്ചുവീണ് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരുടെ ഭാഗത്തു ഗുരുതര അനാസ്ഥ ഉണ്ടായെന്നു മോട്ടോർവാഹന വകുപ്പ്. ബസ് മുന്നോട്ടെടുത്തിട്ടും ഓട്ടോമാറ്റിക് ഡോർ അടയ്ക്കാത്ത ഡ്രൈവറുടെ ഗുരുതര അനാസ്ഥയാണ് അപകടത്തിന് കാരണം. കെഎസ്ആര്‍ടി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വയനാട് ആര്‍ടിഒയുടേതാണ് നടപടിത തിങ്കളാഴ്‍ച ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാവിലെ വൈത്തിരി ബസ്റ്റാന്‍ഡില്‍നിന്നും കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ കയറിയതായിരുന്നു ശ്രീവള്ളി. യാത്രക്കാരെ കയറ്റി മുന്നോട്ടെടുത്ത ബസിന്‍റെ ഹൈഡ്രോളിക് ഡോർ ഡ്രൈവർ അടച്ചിരുന്നില്ല. സ്റ്റാന്‍ഡില്‍നിന്നും ദേശീയപാതിയിലേക്ക് ബസ് ഇറങ്ങിയപ്പോള്‍ ശ്രീവള്ളി തെറിച്ചുവീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയതുകൊണ്ട് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ബസ് ജീവനക്കാരുടെ മത്സരയോട്ടത്തിന്‍റെ ഒടുവിലത്തെ ഇരയാണ് ശ്രീവള്ളിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീവള്ളിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതേ സ്ഥലത്ത് കഴിഞ്ഞയാഴ്ച കെഎസ്‍ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു. കോഴിക്കോട് മൈസൂർ റൂട്ടിലോടുന്ന ബസിന്‍റെ ഡോറുകള്‍ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മോട്ടോർവാഹനവകുപ്പധികൃതർ അറിയിച്ചു.