ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കാനുള്ള നീക്കങ്ങൾ ജലവകുപ്പിൽ സജീവം. മന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന് സിഐടിയു നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു. കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു.

പിന്നാലെ സമഗ്ര അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ച കാലയളവിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരിലേക്കോ, കരാറുകാരനും രാഷ്ട്രീയക്കാരുമായുള്ള ഇടപാടുകളിലേക്കോ അന്വേഷണം നീങ്ങുന്നില്ലെന്ന് സിഐടിയു ആരോപിക്കുന്നു.

കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കാൻ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. എല്ലാത്തിനും പിന്നിൽ ജലഅതോറിറ്റിയിലെ ഉന്നതരുടെ ഇടപെടലുകളാണെന്ന് ജീവനക്കാർ പറയുന്നു. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി വിജിലൻസ് അന്വേഷണത്തിൽ നിന്ന് സർക്കാർ തടിയൂരുയാണ്. പ്രാഥമിക പരിശോധനയുടെ ഭാഗമായി തുടർച്ചയായി പൊട്ടലുണ്ടായ പൈപ്പിന്‍റെ സാമ്പിളുകൾ വിജിലൻസ് സംഘം ശേഖരിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പരിശോധന ഫലം കിട്ടിയില്ലെന്ന വിശദീകരണമാണ് വിജിലിൻസിന്‍റേത്.