മകളെ വിവാഹം കഴിച്ച് നൽകാത്തതിലുള്ള വിരോധത്തില്‍ അനിൽകുമാർ എന്നയാളെ തട്ടിക്കൊണ്ടുപോയി നിർമ്മാണം നടക്കുന്ന വീട്ടിൽ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മർദ്ദിച്ചത്. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം.

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെൽ തട്ടിക്കൊണ്ടുപോകലില്‍ പ്രതികൾക്കായി വ്യാപക തെരച്ചിൽ. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനിൽകുമാർ എന്നയാളെ തട്ടിക്കൊണ്ടുപോയി നിർമ്മാണം നടക്കുന്ന വീട്ടിൽ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മർദ്ദിച്ചത്. 

ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം. അനിൽ കുമാറിന്റെ മകനെയും അക്രമികള്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ഭാര്യയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. അനിൽ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അനിൽ കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. പ്ലെയർ ഉപയോഗിച്ച് മകൻ അച്ചുവിന്റെ വിരലുകൾക്കും പരിക്കേൽപ്പിച്ചു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മകനെ വിളിപ്പിച്ചതെന്നും ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മർദ്ദിച്ചെന്നും അനിൽകുമാർ പൊലീസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തിയെന്നും ബോംബ് ഉണ്ടെന്നും ദേഹത്ത് വച്ചുകെട്ടി കൊല്ലുമെന്നും പറഞ്ഞുവെന്നും മകൻ അച്ചു പറയുന്നു. സാരമായി പരിക്കേറ്റ അനിൽകുമാറും മകനും വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

YouTube video player