വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു

കോട്ടയം: പാലായില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ തീപിടിച്ച് പൂര്‍ണമായി കത്തി നശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി എം തോമസിന്റെ വാഹനമാണ് കത്തിയത്. 

വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനത്തിന്റെ അകംഭാഗം മുഴുവനും കത്തി നശിച്ചിരുന്നു.

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തിൽ നടപടി

തുറന്നിട്ട വാതിലുമായി അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ഗുരുതര പരുക്ക്. കുട്ടി തെറിച്ചു വീണ്ടിട്ടും നിർത്താതെ പോയ ബസിന്റെ ജീവനക്കാർ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സഹായിച്ചെന്ന് കുടുംബം കുറ്റപ്പെടുത്തി. കോട്ടയം ചിങ്ങവനത്തിനടുത്ത് പാക്കിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍ക്കെതിരെ കേസ് ചുമത്തി.

ഗുരുതരമായ അപകടമുണ്ടായിട്ടും നിർത്താതെ പോയ ചിപ്പി എന്ന സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നെന്ന് കുട്ടിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച് നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

ഓട്ടോ മാറ്റിക് വാതിൽ തുറന്നു വച്ചതും അമിത വേഗവുമാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിഗമനം. ബസ് ജീവനക്കാർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വിമര്‍ശനത്തിന് പിന്നാലെ പൊലീസ് അപകട കാരണമായ ചിപ്പി ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മനീഷിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും കേസും ചുമത്തി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളുണ്ടാകുമെന്ന് മോട്ടോര്‍വാഹന വകുപ്പും അറിയിച്ചു.