ദില്ലി: കൊച്ചി മെട്രോ കലൂരിൽ നിന്നും കാക്കനാട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് എറണാകുളം എം പി ഹൈബി ഈഡനും ചാലക്കുടി എം പി ബെന്നി ബഹനാനും കേന്ദ്ര നഗരവികസനകാര്യമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. 

മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ബോർഡ് സംസ്ഥാന സർക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്നും ഇതു ലഭിച്ചാൽ  അനുമതി നൽകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചതായി ഹൈബി ഈഡൻ എംപി പറഞ്ഞു. 

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന് അനുമതി തേടിയാണ് എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടത്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കാണെന്ന് ബെന്നി ബെഹന്നാന്‍ എംപി കുറ്റപ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.