Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്നുള്ള എംപിമാർ ലക്ഷദ്വീപിലേക്ക്; യാത്രാനുമതിക്കായി കത്ത് നൽകി, ലഭിച്ചില്ലെങ്കിൽ നിയമനടപടി

അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു.

mps from kerala visit lakshadweep letter was issued requesting permission to travel
Author
Delhi, First Published Jun 2, 2021, 6:49 PM IST

ദില്ലി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു.

അതേസമയം, ലക്ഷദ്വീപിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. ലക്ഷദ്വീപിലെ ജനതാത്പര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവന വിശ്വാസത്തിലെടുക്കണോയെന്ന് യോഗം ചർച്ച ചെയ്യും. അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്ന് കോർകമ്മിറ്റിയിൽ ധാരണയാകും. 


തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഇന്നലെ പറഞ്ഞിരുന്നു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിര്‍ത്തെന്നും എംപി പറഞ്ഞു. 

''ലക്ഷദ്വീപിലെ സമരങ്ങളെക്കുറിച്ച് അമിത് ഷായെ ബോധിപ്പിച്ചു. കരട് നിയമം തദ്ദേശവാസികളുമായും ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം നടത്തി മാത്രമേ നിയമം പ്രാബല്യത്തില്‍ വരുത്തൂവെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടു''.- എംപി പറഞ്ഞു. 

ദ്വീപില്‍ ഗോവധ നിരോധനവും രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നതുമടക്കമുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് എംപി അമിത് ഷായെ ധരിപ്പിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഹമ്മദ് ഫൈസലിന്റെ പാര്‍ട്ടി നേതാവ് എന്‍സി അധ്യക്ഷന്‍ ശരദ് പവാര്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തും. ലക്ഷദ്വീപിലെ പുതിയ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios