കടലിനടിയില്‍ നിന്ന് കപ്പല്‍ പൂര്‍ണമായും പുറത്തെടുത്ത് മാറ്റാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് എംഎസ്‍സി കമ്പനി അറിയിച്ചു.

കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ എം എസ് സി എല്‍സാ 3 കപ്പല്‍ ദൗത്യം ഏറെ വൈകും. കടലിനടിയില്‍ നിന്ന് കപ്പല്‍ പൂര്‍ണമായും പുറത്തെടുത്ത് മാറ്റാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് എംഎസ്‍സി കമ്പനി അറിയിച്ചു. കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥ പൂര്‍ണമായും അനുകൂലമാകാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളടക്കം കടുത്ത ആശങ്ക പ്രകടിപ്പിക്കുമ്പോഴും കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ് സി എല്‍സാ ത്രീ പുറത്തെടുക്കുന്ന ദൗത്യം അടുത്തെങ്ങും എവിടെയുമെത്തില്ലെന്ന് വ്യക്തമായി. മെയ് 25നാണ് കപ്പല്‍ മുങ്ങിയത്. തോട്ടപ്പള്ളി തീരത്തുനിന്ന് 27 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ കടലിടനടിയിലുള്ള എംഎസ് സി എല്‍സാ 3 പുറത്തടുക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ലോകത്തെല്ലായിടത്തും സ്വീകരിക്കുന്ന നടപടികള്‍ തന്നെയാണ് ഇവിടെയും തുടരുന്നത്. മുങ്ങികിടക്കുന്ന കപ്പല്‍ പലരും ഉപേക്ഷിക്കാറാണ് പതിവ് പുറത്തേക്ക് എടുക്കല്‍ ഹിമാലയന്‍ ദൗത്യമാണ്. അതിനായി എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ആശങ്കയായി തുടരുന്ന കപ്പലിലെ ഇന്ധനം മാറ്റുന്ന ജോലികള്‍ തുടരുകയാണ്. ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു തുള്ളിപോലും കടലില്‍ പടരാതെ ഡീസലും മറൈന്‍ ഓയിലും പൂര്‍ണമായും മാറ്റുകയാണ്. ഇതിനുശേഷം മാത്രമെ കപ്പല്‍ എങ്ങനെ പുറത്തെടുക്കണമെന്നതില്‍ തീരുമാനമെടുക്കുകയുള്ളൂ.

ട്രോളിങ്ങിനുശേഷം മത്സ്യബന്ധനം സജീവമായെങ്കിലും വലകള്‍ പൊട്ടിപ്പോകുന്നതടക്കം കപ്പല്‍ അപകടം കാരണാമാണെന്ന പരാതി ഉയര്‍ത്തിയിട്ടുണ്ട്. നിരവധി മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പല്‍ കമ്പനിക്കെതിരെ നിയമവ്യവഹാരവും തുടരുന്നു. ഇതിനിടെയാണ് കപ്പല്‍ പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഉഴപ്പുന്നത്. ഹൈക്കോടതിയും ഡിജി ഷിപ്പിങ്ങും എംഎസിക്കെതിരെ കര്‍ശന നിലപാടെടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

MSC എൽസാ 3 കപ്പൽ ദൗത്യം വൈകും; കപ്പൽ പൂർണമായി മാറ്റാൻ ഒരു വർഷത്തോളമാകുമെന്ന് കമ്പനി