എംഎസ്എഫിന്റെ തീം സോങിൽ  ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെട്ടതായി വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. ഔദ്യോഗികമായി ഇറക്കിയ പാട്ടിൽ ഇല്ലാത്തത് എങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ടെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: മുസ്ലിം ലീ​ഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഇറക്കിയ തീം സോങിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെട്ടതായി വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. ഔദ്യോഗികമായി ഇറക്കിയ പാട്ടിൽ ഇല്ലാത്തത് എങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ടെന്ന് പരിശോധിക്കും. എസ്എഫ്ഐ ഉൾപ്പെടെയുള്ളവര്‍ വ‍ര്‍ഗീയ താൽപര്യങ്ങളോടെയാണ് പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും സി കെ നജാഫ് അറിയിച്ചു. 

എംഎസ്എഫ് ഔദ്യോഗികമായി ഇറക്കിയ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണിത്. ഞങ്ങൾക്ക് ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ല. ഞങ്ങളുടെ പാട്ടിൽ ഇല്ലാത്ത ഒരു ഇമ്രാൻ ഖാൻ എങ്ങനെ വന്നു. എസ്എഫ്ഐയുടെ പ്രചാരണം വർഗീയ താൽപര്യങ്ങളോടെയാണ്. എസ്എഫ്ഐ ഇസ്ലാമാഫോബിക് ആയി പ്രചരിപ്പിക്കുന്നു. ഞങ്ങളുടെ ഔദ്യോഗിക പേജിൽ വരാത്ത ഒരു പാട്ട് ആണിത്. ഈ സ്ക്രീൻ ഷോട്ട് എവിടെ നിന്നും വന്നു എന്ന് പരിശോധിക്കപ്പെടട്ടെയെന്നും വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും സി കെ നജാഫ് പറഞ്ഞു.