Asianet News MalayalamAsianet News Malayalam

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍; എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിത സംഘടന ഹരിതയുടെ പരാതി

പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തില്‍ എംഎസ്എഫ് നേതാക്കള്‍ പ്രസംഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്

MSF Women wing haritha letter against ssf state leaders on anti women comments
Author
Kozhikode, First Published Jul 11, 2021, 5:54 PM IST

കോഴിക്കോട്: മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്‍റെ നേതാക്കള്‍ക്കെതിരെ എംഎസ്എഫ് വനിത സംഘടനയായ 'ഹരിത'യുടെ നേതാക്കള്‍.  എംഎസ്എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നുവെന്നതടക്കം ഗുരുതര  ആരോപണങ്ങളാണ് ഹരിത ഭാരവാഹികള്‍ ഉയര്‍ത്തുന്നത്. എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ അടക്കം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹരിത മുസ്ലിം ലീഗ് നേൃത്വത്തിന് എഴുതിയ പരാതിയുടെ പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തില്‍ എംഎസ്എഫ് നേതാക്കള്‍ പ്രസംഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഹരിത പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയും ചേര്‍ന്നാണ് അഞ്ച് പേജുള്ള പരാതി നല്‍കിയിരിക്രുന്നത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കാണ് ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. 

ജൂണ്‍ 22നാണ് എം.എസ്.എഫ് ആസ്ഥാനമായ ഹബീബ് സെന്ററില്‍ വച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്നും, ഇതില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഘടനക്കുള്ളില്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രചാരണം നടക്കുന്നു.ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്ന് അകറ്റുന്നുവെന്നും ഹരിത പരാതിയില്‍ പറയുന്നു. മുസ്ലിംലീഗ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റു പല നിബന്ധനകളും ഉണ്ട് എന്ന സ്വകാര്യ കാമ്പയിനുകളും സംസ്ഥാന നേതാക്കള്‍ നടത്തുന്നുണ്ടെന്നും ഒരു 'പ്രത്യേകതരം ഫെമിനിസം' പാര്‍ട്ടിയില്‍ വളര്‍ത്തുകയാണ് എന്ന് ഹരിതയുടെ സംസ്ഥാന നേതാക്കളെക്കുറിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ടും ചില ഭാരവാഹികളും പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 

ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്‌സ് മെസേജുകള്‍ ഉണ്ടെന്നും,  പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യം അനുവദിക്കരുത് എന്നും പരാതിയില്‍ വനിത നേതാക്കള്‍ മുസ്ലീംലീഗ് നേതൃത്വത്തോട് പറയുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios