പുസ്തകത്തിൽ എല്ലാ പേജിലും എന്ന കണക്കെ എംടിയെ കുറിച്ചുള്ള പരാമർശമുണ്ടെന്ന് അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോഴിക്കോട്: പുസ്തകം വായിക്കാതെയാണ് വിമർശനം എന്ന ദീദി ദാമോദരന്റെ ആരോപണത്തിന് മറുപടിയുമായി എംടിയുടെ മകൾ അശ്വതി. പുസ്തകത്തിൽ എല്ലാ പേജിലും എന്ന കണക്കെ എംടിയെ കുറിച്ചുള്ള പരാമർശമുണ്ടെന്ന് അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിത്താര പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. സിത്താര ഒരിക്കലും എഴുത്തുകാരോട് സംസാരിച്ചിട്ടില്ല. അനുമതിയും നൽകിയിട്ടില്ല. അമ്മയെ കുറിച്ചുള്ള പുസ്തകത്തിന് സിത്താര അനുമതി നൽകാതെ എങ്ങനെ പ്രസിദ്ധീകരിക്കും എന്നാണ് അശ്വതി ചോദിക്കുന്നത്. ആരോപണങ്ങൾ പിന്നീട് വാസ്തവം ആണെന്ന് ആളുകൾ ധരിക്കും. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. എന്തിനുവേണ്ടിയാണ് പക പോക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
എം ടിയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും പിന്നീട് ജീവിതസഖിയായി മാറുകയും ചെയ്ത പ്രമീളാ നായരുടെ ജീവിതത്തോട് ചേര്‍ന്നുള്ള സഞ്ചാരമാണ് എം ടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം. ദീദി ദാമോദരനും എച്ച് മുക്കുട്ടിയും ചേര്‍ന്നെഴുതിയ പുസ്തകം ബുക്ക് വേം ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം വായിക്കാതെയാണ് അശ്വതി ആരോപണം ഉന്നയിക്കുന്നതെന്നും പുസ്തകം എംടിയെ കുറിച്ചല്ലാത്തതിനാൽ അനുവാദം വാങ്ങേണ്ടതില്ലെന്നുമായിരുന്നു ദീദി ദാമോദരൻ്റെ പ്രതികരണം. പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം. ആരേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പുസ്തകത്തിലില്ല. ഏത് ഭാഗമാണ് മക്കളെ വേദനിപ്പിച്ചതെന്ന് പറഞ്ഞാല്‍ പരിശോധിക്കാമെന്നും ദീദി ദാമോദരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
എംടിയെ കുറിച്ചല്ല. സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. പുസ്തകത്തിൽ തെറ്റായി എന്താണുള്ളതെന്ന് പറയുന്നവര്‍ വ്യക്തമാക്കി തരണം. പ്രമീള നായര്‍ എന്ന പേര് അവര്‍ക്കെന്നും പ്രശ്നമാണ്. എംടിയുടെ പല ചിത്രങ്ങളിലും പ്രമീള നായരെ പോലുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. വിവാദം എന്തിനെ കുറിച്ചാണന്ന് അറിയില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.

