തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പില്‍ കേസെടുത്തതിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ്. ഫേസ്ബുക്ക് കുറിപ്പിലാണ് കുമ്മനം രാജശേഖരനെ പിന്തുണച്ച് രംഗത്തെത്തിയത്. കുമ്മനം രാജശേഖരനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എല്ലാം സമാജത്തിന് സമര്‍പ്പിച്ചു സന്ന്യാസ തുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യര്‍ ആകുകയേ ഉള്ളൂവെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. കുമ്മനത്തിന്റെ ചിത്രം സഹിതമാണ് എംടി രമേശ് പോസ്റ്റ് ചെയ്തത്. 

ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആര്‍ ഹരികൃഷണന്റെ പരാതിയിലാണ് ആറന്മുള പൊലീസ്ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തത്.പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.കുമ്മനംരാജശേഖരന്‍ കേസില്‍ നാലാം പ്രതിയാണ്. ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍ അടക്കം ഒന്‍പത് പേരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എംടി രമേശിന്റെ ഫേസ്ബുക്ക് കുറിപ്പ്

കുമ്മനം രാജശേഖരനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. എല്ലാം സമാജത്തിന് സമര്‍പ്പിച്ചു സന്യാസതുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യര്‍ ആകുകയേ ഉള്ളൂ...