കോഴിക്കോട്: കുടിവെള്ളം അടിക്കടി മുടങ്ങുന്ന കോഴിക്കോട് കോര്‍പറേഷനെ വിമര്‍ശിച്ച് എംടി വാസുദേവൻ നായര്‍. ഉറങ്ങും മുമ്പ് പ്രാര്‍ത്ഥിക്കുന്നത് ഗുരുവായൂരപ്പനെ അല്ല കോഴിക്കോട് കോര്‍പറേഷന്‍റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണെന്ന് ധനമന്ത്രി തോമസ് ഐസകിനെ വേദിയിലിരുത്തി എംടി വാസുദേവൻ നായര്‍ പരാതിപ്പെട്ടു. 20 ദിവസത്തിലേറെ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും എംടി പറഞ്ഞു. 

ഊരാളുങ്കൽ സൊസൈറ്റിയെക്കുറിച്ച് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിർമ്മിതി എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങായിരുന്നു വേദി. പുസ്തകം പ്രകാശനം ചെയ്യാനെത്തിയ എംടി  കോർപ്പറേഷൻ പൈപ്പ് ലൈനിന്‍റെ പരിതാപകരമായ സ്ഥിതി വിവരിച്ചപ്പോൾ മേയര്‍ തോട്ടത്തിൽ രവീന്ദ്രനും വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. പണം ഇല്ലാത്ത അവസ്ഥയുണ്ടെന്നും ധനമന്ത്രി കിഫ്ബിവഴി ഫണ്ട് അനുവദിക്കണമെന്നും പ്രസംഗിച്ചാണ് മേയർ തടിതപ്പിയത്.

എംടിയോട് ഒഴിവ് കഴിവ് പറയില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസകിന്‍റെ മറുപടി. പൈപ്പ് ലൈൻ ശരിയാക്കാൻ ഉടൻ പണം അനുവദിക്കാമെന്നും തോമസ് ഐസക്ക്  ഉറപ്പ് നൽകി.