സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും മുഈൻഅലി തങ്ങൾ പറഞ്ഞു.  

കോഴിക്കോട്: ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്ന് ഹൈദരലി തങ്ങളുടെ മകൻ പാണക്കാട് മുഈന്‍ അലി തങ്ങള്‍. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തത ഉണ്ടായിരുന്നില്ലെന്നും മുഈൻ അലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും മുഈൻഅലി തങ്ങൾ പറഞ്ഞു. 

വധഭീഷണിയുണ്ടായപ്പോൾ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനവ്വറലി തങ്ങളും വിളിച്ചു. കുടുംബത്തിനോട് ചേർന്ന് നിൽക്കുന്നയാളാണ് കു‍ഞ്ഞാലിക്കുട്ടി. സമസ്ത-ലീ​ഗ് രണ്ടാവാനുള്ള സാഹചര്യമുണ്ടാക്കാതിരിക്കേണ്ട കാലഘട്ടമാണിത്. ചെറിയ നേതാക്കൻമാർ പറയുന്നതല്ല, മുതിർന്ന നേതാക്കൾ പറയുമ്പോൾ പ്രശ്നമാണ്. സോഷ്യൽ മീഡിയയിൽ എല്ലാതും കട്ട് ചെയ്ത് പോയിക്കൊണ്ടിരിക്കുന്നതാണ്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കാനും സാധ്യതയുണ്ട്. തിരുത്തേണ്ടതുണ്ട് എന്ന ബോധ്യത്താലാണ് കുഞ്ഞാലിക്കുട്ടിക്ക് മറുപടി പറഞ്ഞത്. സത്താർ പന്തല്ലൂർ ആലങ്കാരികമായി പറഞ്ഞതാണ്. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയാത്ത വിഷയമാണ്. സത്താർ പന്തല്ലൂരിന്റെ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പ്രതികരിക്കേണ്ടതില്ലായിരുന്നു. അതെല്ലാം ചെറിയ നേതാക്കൻമാർ പറയേണ്ടതാണ്. പ്രതിപക്ഷത്താണെങ്കിലും സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ കുഞ്ഞാലിക്കുട്ടി നടത്താറില്ല. വളരെ ചിന്തിച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്നും മുഈനലി തങ്ങൾ പറഞ്ഞു.

ഇഡി രാവിലെ വന്ന് വൈകുന്നേരമാണ് പോയത്. ഇഡി വന്നത് പിതാവ് പ്രതിയായ സാ​ഹചര്യത്തിലായിരുന്നു. അത് വലിയ മാനസിക വിഷമമുണ്ടാക്കി. മൂന്നാല് ദിവസം കഴിഞ്ഞാണ് പിതാവ് ഇക്കാര്യം തന്നോട് പറഞ്ഞത്. ഏത് വിഷയം വന്നാലും അഭിമുഖീകരിക്കാൻ പിതാവിനറിയാം. പക്ഷേ അറിയാത്ത വിഷയത്തിൽ പെട്ടു എന്നതിനാലാണ് പ്രശ്നം. യത്തീംഖാനയുൾപ്പെടെ പല സ്ഥാപനങ്ങളിലും മാനേജറായിരുന്നു. എന്നിട്ട് ആദ്യമായാണ് ഒരു കേസ് വരുന്നത്. ആദ്യമായാണ് പാണക്കാട്ടെ കുടുംബത്തിന് നേരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരുന്നത്. ഇത്തരത്തിലുള്ളൊരു കേസിൽ എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ആ സമയത്ത് പിതാവ് ഒറ്റപ്പെട്ടുവെന്നും മുഈനലി കൂട്ടിച്ചേർത്തു. 

'കുഞ്ഞൂഞ്ഞിന്‍റെ ഓർമ്മക്കായി'; പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

https://www.youtube.com/watch?v=Ko18SgceYX8