മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ രാജി തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലീം ലീ​ഗ് അധ്യക്ഷൻ ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈൻ അലി തങ്ങൾ. തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനമെന്നും കെ പി എ മജീദ് അറിയിച്ചിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞിരുന്നു.