ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന് മുകേഷ് എംഎൽഎ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്‍റെ പകര്‍പ്പു ലഭിച്ചശേഷമെ കൂടുതൽ കാര്യം പറയാനാകുവെന്നും  അപ്പീൽ പോകുന്നതിലൊക്കെ സര്‍ക്കാര്‍ തന്നെ തീരുമാനം പറയുമെന്നും മുകേഷ് പറഞ്ഞു

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. കോടതി വിധിയെ മാനിക്കാതിരിക്കാൻ കഴിയുമോയെന്ന് ചോദിച്ച മുകേഷ് ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും പറഞ്ഞു. വിധി പകര്‍പ്പു ലഭിച്ചശേഷമെ കൂടുതൽ കാര്യം പറയാനാകുവെന്നും ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകുന്നതിലൊക്കെ സര്‍ക്കാര്‍ തന്നെ തീരുമാനം പറയുമെന്നും മുകേഷ് പറഞ്ഞു. സിനിമ സംഘടനയിൽ ഒരു അംഗം മാത്രമാണ് താൻ. പ്രധാന ഭാരവാഹിയൊന്നുമല്ല. ദിലീപിന്‍റെ തിരിച്ചുവരവിലടക്കം ഭാരവാഹികള്‍ തീരുമാനമെടുത്ത് അവര്‍ പറയട്ടെ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ എന്തു തോന്നുവെന്ന് ചോദിച്ചപ്പോള്‍ താൻ ചിരിച്ചുകഴിഞ്ഞാൽ ഭാ, ഭാ ഭാ എന്ന് കൊടുക്കില്ലെ എന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം. 

ഒരോ കോടതി വിധിയിലും ഒരോ വ്യക്തികള്‍ക്കും അനുസരിച്ചായിരിക്കും സന്തോഷവും നിരാശയും ഉണ്ടാകുകയെന്നും സര്‍ക്കാരിന്‍റെ തീരുമാനം അപ്പീൽ പോകാനാണെങ്കിൽ അതിനൊപ്പം നിൽക്കുമെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും ദിലീപ് നിരപരാധിയാണെങ്കിൽ ഒന്നും പറയാനില്ലെന്നും മുകേഷ് പറഞ്ഞു. ദിലീപിന്‍റെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് സിനിമ സംഘടനകളുടെ നേതൃത്വമാണ്. പൊലീസിലെ ക്രിമിനലുകള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന ദിലീപിന്‍റെ പരാമര്‍ശത്തോട് അതാണല്ലോ ഇപ്പോള്‍ കണ്ടുവരുന്നതെന്നും നോക്കാമെന്നുമായിരുന്നു മുകേഷിന്‍റെ മറുപടി. ഈ തെരഞ്ഞെടുപ്പ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണെന്നും ഭരണനേട്ടത്തെ കുറിച്ചാണ് എല്ലാ ജനങ്ങളും സംസാരിക്കുന്നതെന്നും മുകേഷ് എംഎൽഎ പറഞ്ഞു.