തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങളില്‍ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി രാഷ്ട്രീയകാര്യസമിതി വ്യക്തഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു. കഴിഞ്ഞ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങള്‍ക്ക് ചോർന്ന് കിട്ടിയതിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച മുല്ലപ്പള്ളി എട്ടാം തീയതി നിശ്ചയിച്ചിരുന്ന രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ക്രിയാത്മകചർച്ചകൾക്കായി രൂപീകരിച്ച രാഷ്ട്രീയകാര്യസമിതി ചെളിവാരിയെറിയാനുള്ള വേദിയായി മാറിയെന്ന് മുല്ലപ്പള്ളി ദേശീയനേതൃത്വത്തെ പരാതി അറിയിച്ചതായാണ് വിവരം. വ്യക്തിഹത്യമാത്രമാണ് ചിലരുടെ ഉദ്ദേശം. ചർച്ചകൾ ചോരരുതെന്ന് തീരുമാനിച്ചിട്ടും മാധ്യമങ്ങൾക്ക് ചോർത്തി. പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പുറത്ത് വന്നത്. ഉന്നതനേതാക്കൾ പങ്കെടുക്കുന്ന യോഗം ഗൗരവമായി കാണുന്നില്ലെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. 

ഇത്തരത്തിൽ ഒരു കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ മാത്രമേ രാഷ്ട്രീയകാര്യ സമിതിയുമായി മുന്നോട്ട് പോകുവെന്ന നിലപാടിലാണ് അദ്ദേഹം. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. തന്നെ ഒറ്റതിരിഞ്ഞാക്രമിക്കാൻ ഗ്രൂപ്പ് മാനേജർമാർ രാാഷ്ട്രീയകാര്യസമിതിയോഗം ഉപയോഗിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. രാഷ്ട്രീയകാര്യസമിതിയോഗം ചേരുന്നില്ലെന്ന വ്യാപക ആക്ഷേപത്തെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച യോഗം ചേർന്നത്. എന്നാൽ യോഗം മാറ്റിയതിനെക്കുറിച്ച് പരസ്യപ്രതികരണത്തിന് മുല്ലപ്പള്ളി തയ്യാറായില്ല.

മറ്റു കാര്യങ്ങളൊക്കെ തീരുമാനിക്കാൻ കെപിസിസി ജനറൽ സെക്രട്ടറിമാർ ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെയൊരു സമിതി എന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. കെപിസിസി പുനസംഘടനയിൽ എംഎൽഎമാരെയോ എംപിമാരോയോ പരി​ഗണിക്കേണ്ടന്ന തന്റെ കർശന നിലപാടിന്റെ പ്രത്യാഘാതമാണ് രാഷ്ട്രീയകാര്യസമിതിയിലുണ്ടായ ആക്രമണമെന്ന വികാരവും മുല്ലപ്പള്ളി പങ്കുവയ്ക്കുന്നുണ്ട്. മുല്ലപ്പള്ളി വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന ആരോപണം കെ.സുധാകരനടക്കമുള്ള നേതാക്കൾ കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയിൽ ഉന്നയിച്ചിരുന്നു. മുല്ലപ്പള്ളിയോ ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും നേതാക്കൾ പരാതിപ്പെട്ടിരുന്നു.