തൃശ്ശൂർ: തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷത്തിനെതിരെ സ‍ർക്കാർ വീണ്ടും സോളാ‍ർ കേസ് കുത്തിപ്പൊക്കി കൊണ്ടുവരികയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുല്ലപ്പള്ളിയുടെ വാക്കുകൾ - 

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് വീണ്ടും എടുത്തു പ്രയോഗിക്കുകയാണ് സർക്കാർ. വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വ്യാജഏറ്റുമുട്ടലുകളിലൂടെ ആളുകളെ കൊല്ലുന്നതാണോ സിപിഎമ്മിന്റെ നയം. എപ്പോഴാണ് മാവോയിസ്റ്റുകൾ സിപിഎമ്മുകാരുടെ കണ്ണിലെ കരടായി മാറിയതെന്ന് വ്യക്തമാക്കണം. 

അനൂപിൻ്റെ ക്രെഡിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ടെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർ ആരും മേയർ കുപ്പായം ഇട്ടു വരേണ്ടതില്ല. കാര്യങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് പാർട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സരരംഗത്തിറക്കാൻ പാർട്ടി അനുവദിക്കില്ല. കമറുദ്ദീൻ്റെ കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. കേരള കോൺ​ഗ്രസുമായും മറ്റു ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനച‍ർച്ചകൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. 

മഹിളാ കോൺ​ഗ്രസ്/ ദളിത് കോൺ​ഗ്രസ് നേതാക്കളെ സ്ഥാനാ‍ർത്ഥികളായി രം​ഗത്തിറക്കണം എന്ന മാത്യു കുഴൽനാടൻ്റെ കത്ത് കിട്ടി. എനിക്കെതിരെ ലേഖനം എഴുതേണ്ട ആളല്ല മാത്യു കുഴൽനാടൻ. അദ്ദേഹത്തിന് എന്നോട് നേരിട്ട് കാര്യങ്ങൾ പറയാം.