Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും വി.എം.സുധീരനും പി.ജെ.കുര്യനും

മുന്നണിയെ നയിക്കുക എന്നതാണ് തൻ്റെ ചുമതലയെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റേത് തന്നെയാവും അന്തിമതീരുമാനം.

mullapally ramchandran in kpcc meeting
Author
Thiruvananthapuram, First Published Mar 2, 2021, 2:26 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കൾ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പിജെ കുര്യൻ, വിഎം സുധീരൻ എന്നിവരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയോഗത്തെ അറിയിച്ചത്. 

നിലവിൽ താൻ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കുകയാണ്. മുന്നണിയെ നയിക്കുക എന്നതാണ് തൻ്റെ ചുമതലയെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റേത് തന്നെയാവും അന്തിമതീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നേതൃത്വത്തിൽ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും മത്സരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുതിര്‍ന്ന നേതാവ് വി.എം.സുധീരൻ. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലോ കോഴിക്കോട്ടെ ഒരു സീറ്റിലോ വിഎം സുധീരനെ മത്സരിപ്പിക്കണമെന്ന താത്പര്യമാണ് എഐസിസി നേതൃത്വത്തിനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാര്‍ നേരത്തെ സുധീരനെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. 

നേരത്തെ തിരുവല്ല സീറ്റിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച പി.ജെ.കുര്യൻ  തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്വീകരിച്ചത്. പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതംവയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പിസി ചാക്കോ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം കെപിസിസി ഓഫീസിൽ മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി, ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിമാര്‍ എന്നിവരുമായി നേതാക്കൾ ഒരോരുത്തരും പ്രത്യേകമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 
 

Follow Us:
Download App:
  • android
  • ios