തൃശ്ശൂർ: വെൽഫെയർ ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോട് പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആർക്കുവേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഉന്നയിക്കുന്നതെന്ന് ചോദിച്ചായിരുന്നു മുല്ലപ്പള്ളിയുടെ ക്ഷോഭം. വെൽഫെയ‍ർ പാർട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് മുല്ലപ്പള്ളിയുടെ നിയന്ത്രണം നഷ്ടമായത്.

എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും ആർക്ക് വേണ്ടിയാണ് നിങ്ങളീ ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ചോദിച്ച മുല്ലപ്പള്ളി, മാധ്യമപ്രവർത്തകൻ വീണ്ടും ചോദ്യം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ശബ്ദമുയർത്തി മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 
 

ചർച്ച നടന്നിട്ടേയില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇല്ലാത്ത കാര്യമാണെന്നും ആവശ്യമില്ലാത്ത കാര്യമാണ് മാധ്യമങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.