Asianet News MalayalamAsianet News Malayalam

Mullaperiyar : 'തമിഴ്നാട് സാമാന്യമര്യാദ ലംഘിച്ചു', മുല്ലപ്പെരിയാറിൽ ഇനി കടുത്ത നിലപാടെന്ന് റവന്യൂ മന്ത്രി

പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

mullaperiyar dam  revenue minister k rajan slams tamil nadu government over mullaperiyar dam issue
Author
Idukki, First Published Dec 8, 2021, 9:06 AM IST

തിരുവനന്തപുരം:  മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും തമിഴ്നാട് മുല്ലപ്പെരിയാർ ഡാം (Mullaperiyar Dam)  തുറന്ന് വെളളം പെരിയാറിലേക്ക് തുറന്ന് വിടുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ (Minister K Rajan ). തമിഴ്‌നാട് (Tamil Nadu)സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.  

''ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.  ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയിൽ ഗൌരവമായി ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. 

''തമിഴ്നാട് തോന്നും പടി ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്തെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. സാമാന്യ സീമകൾ ലംഘിച്ച നടപടിയാണിത്. ഇതെല്ലാം സുപ്രീം കോടതിയെ ശക്തമായി ധരിപ്പിക്കും. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സർക്കാരിന് പ്രധാനം. തമിഴ്നാടിന്റെ നടപടിയിൽ ബുദ്ധിമുട്ടിലായ പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

അതേ സമയം, ഇന്ന് സുപ്രീം കോടതിയിൽ കേരളം വിഷയം ഉന്നയിക്കാനിരിക്കെ സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി പുലർച്ചെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. 

അതിനിടെ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും  ആവശ്യം ഉയർത്തിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios