Asianet News MalayalamAsianet News Malayalam

Mullaperiyar| വിവാദ മരംമുറി; തീരുമാനം എടുക്കാൻ കഴിഞ്ഞ വ‌ർഷം തന്നെ വനം സെക്രട്ടറി ആവശ്യപ്പെട്ടു, കത്ത് പുറത്ത്

ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഒഴിഞ്ഞുമാറുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തുവരുന്നത്.

Mullaperiyar Dam Tree Felling Forest secretary asked for a decision in 2020
Author
Thiruvananthapuram, First Published Nov 13, 2021, 12:16 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കുള്ള അനുമതിക്കായി കഴിഞ്ഞ വർഷം തന്നെ വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി നിർദ്ദേശം നൽകിയതിൻ്റെ രേഖ പുറത്ത്. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഒഴിഞ്ഞുമാറുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തുവരുന്നത്. അതിനിടെ മരംമുറി ഉത്തരവ് റദ്ദാക്കിയ നടപടി തമിഴ്നാട് സുപ്രീംകോടതിയിൽ ഉന്നയിച്ചതിൽ പ്രതികരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തയ്യാറായില്ല.

മരംമുറിക്കുള്ള അനുമതിക്കായി കഴിഞ്ഞ ഒക്ടോബർ 19നാണ് വനം പ്രിൻസിപ്പിൽ സെക്രട്ടറി കത്ത് നല്‍കിയത്. ബേബി ഡാം ബലപ്പെടുത്താൻ മരംമുറിക്ക് അനുമതി വേഗത്തിലാക്കാനാണ് കത്തിലെ നിർദ്ദേശം. അതിവേഗം നടപടി എടുത്ത് റിപ്പോർട്ട് നൽകാനാണ് പിസിസിഎഫ് അടക്കം വകുപ്പിലെ നാല് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എല്ലാം അറിഞ്ഞു എന്നതിൻ്റെ നിരവധി തെളുവുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിനിടെയാണ് വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയുടെ കത്ത് കൂടി പുറത്താകുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യമായ നി‍ർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഇക്കഴിഞ്ഞ അഞ്ചിന് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡനും പിഎസിസിഎഫുമായി ബെന്നിച്ചൻ തോമസ് മരംമുറിക്ക് അനുമതി നൽകിയത് എന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു. അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിൻ്റെ കാര്യത്തിലും മരംമുറി ഉത്തരവിലും ജലവിഭവ വകുപ്പ് മന്ത്രി ഇപ്പോഴും വ്യക്തമായ വിശദീകരണം നൽകുന്നില്ല. എന്നാല്‍, മരംമുറിക്കാധാരമായ നവംബർ ഒന്നിലെ യോഗം നടന്നില്ലെന്ന് ആവർത്തിക്കുകയാണ് റോഷി അഗസ്റ്റിൻ. തമിഴ്നാട് മരംമുറി വിവാദം കോടതിയില്‍ ആയുധമാക്കിയതിലും മന്ത്രി മൗനം തുടരുകയാണ്.

നവംബർ ഒന്നിലെ യോഗമില്ലെന്ന് റോഷി അഗസ്റ്റിൻ ആവർത്തിക്കുമ്പോൾ യോഗത്തിൻ്റെ മിനുട്സ് കണ്ടെന്ന് നിയമസഭയിൽ നൽകിയ മറുപടി ഇതുവരെ വനംമന്ത്രി തിരുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മൗനം തുടരുന്നു.

Follow Us:
Download App:
  • android
  • ios