തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറും തമ്മിൽ 12 വർഷമായി  നല്ല ബന്ധമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തികൊടുത്തത് സി എം രവീന്ദ്രൻ ആണ്. ലാവ്ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്നും  മുല്ലപ്പള്ളി പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിക്കും പ്രതികരിക്കാൻ ഒന്നുമില്ലേ. ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടി. വെറുതെ സമയം കളഞ്ഞു. പാർട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. അന്താരാഷ്ട്ര മാനമുള്ള കേസിൽ സീതാറാം യെച്ചൂരിയും എസ്ആർപിയും പ്രതികരിക്കുന്നില്ല. 

അനൂപിന്റെ മൊഴികളിൽ വിശദ അന്വേഷണം വേണം. സിപിഐ മുൻ നേതാക്കളുടെ പരമ്പര്യത്തിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് കാനം രാജേന്ദ്രൻ മറന്ന് പോകരുത്. കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇന്നലെ കാട്ടിയത് അസാമാന്യ തൊലിക്കട്ടിയാണ്. കാണ്ടാമൃ​ഗം പോലും തോറ്റുപോകും. സിപിഎം മുതലാളിമാർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.