കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചിഹ്നം സംബന്ധിച്ച തർക്കങ്ങൾ അടഞ്ഞ അധ്യായമാണെന്നും എല്ലാവരും കൂടിയാലോചിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൈറ്റാനിയം കേസിൽ സംസ്ഥാന സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണോ അതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ നിയമപരമായി തന്നെ കോടതിയിൽ നേരിടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം, രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ  ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാകും ജോസ് ടോം നല്‍കുക. കേരളാ കോണ്‍ഗ്രസ് ചെയര്‍മാൻ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.