Asianet News MalayalamAsianet News Malayalam

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന പിണറായി ആരെയാണ് ഭയക്കുന്നതെന്ന് മുല്ലപ്പള്ളി

കേരളം ഭരിച്ചവരില്‍ ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തലശേരി റെയില്‍വേ  സ്റ്റേഷനില്‍ നിന്ന് തൊട്ടടുത്തുള്ള പിണറായിയിലെ തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ്.

mullappally ramachadran against pinarayi vijayan for helicopter deal
Author
Thiruvananthapuram, First Published May 3, 2020, 6:02 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളം ഭരിച്ചവരില്‍ ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

തലശേരി റെയില്‍വേ  സ്റ്റേഷനില്‍ നിന്ന് തൊട്ടടുത്തുള്ള പിണറായിയിലെ തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ആംബുലന്‍സ്, ബോംബ് പരിശോധനാ സ്‌ക്വാഡ് തുടങ്ങിയവയുമുണ്ട്. മലബാര്‍ മേഖലയിലെ ഏറ്റവും മുതിര്‍ന്ന പൊലീസ്  ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തലശേരി റെയില്‍വെ സ്റ്റേഷനലില്‍ കാത്തുകെട്ടിക്കിടന്നാണ് മുഖ്യമന്ത്രിയെ വീട്ടില്‍ എത്തിക്കുന്നത്.

മറ്റു ജില്ലകളിലും സമാനമാണ് അവസ്ഥ. എല്ലായിടത്തും റോഡ് ബ്ലോക്ക് ചെയ്ത് ഒരീച്ചപോലും കടക്കാത്ത രീതിയിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. എന്നിട്ടും സുരക്ഷാകാരണം പറഞ്ഞ് ഹെലികോപ്റ്റര്‍ ഇടപാടിനെ ന്യായീകരിക്കുന്നത്  അപഹാസ്യമാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവമാണ് ആകെയുണ്ടായ സുരക്ഷാവീഴ്ച. അന്ന് കല്ലെറിയപ്പെട്ടത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐക്കാരുമാണ്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകളും മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു മാത്രമായി പ്രത്യേക സുരക്ഷ വ്യൂഹത്തെ ഡല്‍ഹിയില്‍ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്.ഊരിപ്പിടിച്ച വാളുകള്‍ക്കും കത്തികള്‍ക്കും നടുവിലൂടെ നടന്ന പിണറായി വിജയന്‍ ഇപ്പോള്‍ ആരെയാണ് ഭയക്കുന്നതെന്ന് മുല്ലപ്പള്ളി ചോദിച്ചു.

ദുരന്തനിവാരണ ആവശ്യത്തിന് നേവിയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നുമുള്ള ഹെലികോപ്റ്ററുകളാണ് കേരളം ഇന്നുവരെ ഉപയോഗിച്ചിട്ടുള്ളത്. അത് എപ്പോഴും ലഭ്യമാണു താനും. എന്നോ വരാന്‍ പോകുന്ന ഒരു ദുരന്തത്തിനുവേണ്ടി ഇപ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ വാങ്ങി മൂടിക്കെട്ടി വച്ച വകയില്‍ പ്രതിദിനം ആറര ലക്ഷം രൂപയാണു ചെലവാകുന്നത്. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട നിരവധി പേര്‍ പതിനായിരം രൂപ സഹായത്തിനു കാത്തിരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഓര്‍ക്കണം.

മറ്റു പല സംസ്ഥാനങ്ങളും ഹെലികോപ്റ്റര്‍ വാങ്ങിയെന്നു മുഖ്യമന്ത്രി ന്യായീകരിക്കുന്നു. എന്നാല്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് വാങ്ങിയിട്ടില്ല. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള വലിയ സംസ്ഥാനങ്ങള്‍ ഹെലികോപ്റ്റര്‍ വാങ്ങുന്നതും പൂച്ച പെറ്റുകിടക്കുന്ന ട്രഷറിയുമായി കഴിയുന്ന കേരളം വാങ്ങുന്നതും ഒരുപോലെയാണോയെന്ന് മുല്ലപ്പള്ളി ചോദിച്ചു. എട്ട് ഉപദേശകര്‍ക്കു നല്‍കുന്ന ശമ്പളം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്ള ശമ്പളത്തെക്കാള്‍ കുറവാണെന്നു മുഖ്യമന്ത്രി പറയുന്നു.

അത്രയും വലിയ ശമ്പളം പറ്റുന്ന ആ ഉദ്യോഗസ്ഥന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഏറ്റവും കൂടിയ ശമ്പളം പറ്റുന്ന ചീഫ് സെക്രട്ടറിക്കു കിട്ടുന്നത് പ്രതിമാസം 2.5 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ എട്ട് ഉപദേശകര്‍ക്കു കൂടി രണ്ടരലക്ഷം രൂപയാണ് ശമ്പളം നല്കുന്നതെന്നു പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?  മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിയിലൂടെയാണ് മുഖ്യമന്ത്രി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഈ പരിപാടിക്ക്  പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയുമാണ് ചെലവ്. 'നാം മുന്നോട്ടി'ന്റെ  നിര്‍മാണം പാര്‍ട്ടി ചാനലിനു  കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന്  നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഓരോ ചില്ലിക്കാശിനും മുഖ്യമന്ത്രി കണക്കുപറയേണ്ടി വരുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. 

Follow Us:
Download App:
  • android
  • ios