തിരുവനന്തപുരം: പിപി തങ്കച്ചനും ആര്യാടൻ മുഹമ്മദിനും എതിരെ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇരുവരെയും കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ഉൾപ്പെടുത്തി പുനസംഘടന നടത്തുമോ എന്ന ചോദ്യത്തിനായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. പുനസംഘടനയാണ് ഉദ്ദേശിക്കുന്നതെന്നും പുനരധിവാസം അല്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

കോൺഗ്രസ് പോലെ വലിയ പാര്‍ട്ടിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. പട്ടിക വൈകുന്നത് ആദ്യവും അല്ല. ഇത്തരം പ്രതിസന്ധികൾ ഇതിന് മുന്പും ഉണ്ടായിട്ടുണ്ട്. കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെര‍ഞ്ഞെടുപ്പ്, അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്നീ മൂന്ന് വെല്ലുവിളികളെ ഏറ്റെടുക്കാൻ പാകത്തിലാണ് പുനസംഘടനാ ലിസ്റ്റ്.

ബൂത്ത് തലം മുതൽ പാര്‍ട്ടിയെയും സംഘടനയെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ജനറൽ സെക്രട്ടറിമാര്‍ക്ക് പ്രത്യേകം ചുമതലകളുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.  കെപിസിസി ഭാരവാഹികളുടെ ആദ്യയോഗത്തിന് ശേഷമാണ് മുല്ലപ്പള്ളി മാധ്യമങ്ങളെ കണ്ടത്.