Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായതെന്ന് മുല്ലപ്പള്ളി

അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്കളര്‍ വിവാദത്തിലും കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്.മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran against cm pinarayi on pravasi covid negative certificate issue
Author
Thiruvananthapuram, First Published Jun 24, 2020, 2:44 PM IST

തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ  തിരിച്ചടി കൂടിയാണിത്. അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്കളര്‍ വിവാദത്തിലും കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്.മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ കടുംപിടിത്തം പാടില്ലെന്ന് കോണ്‍ഗ്രസും യുഡിഎഫും മുഖ്യമന്ത്രിയോട്  ആവശ്യപ്പെട്ടതാണ്. അത് അപ്രായോഗികവും പ്രവാസികള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ സമീപനം ഇതുതന്നെയാണ്. ഉപദേശക വൃന്ദത്തിന്റെയും പി.ആര്‍ സംഘത്തിന്റെയും തടവറയിലാണ് മുഖ്യമന്ത്രി.മികച്ച ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. എന്നാല്‍ ഒന്നുകില്‍ മുഖ്യമന്ത്രി അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നില്ല,  അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഉപദേശങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലായെന്ന് കരുതേണ്ടിവരും. കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് എങ്ങനെയും തടയാനാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ശ്രമിച്ചത്. അതിനെതിരെയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സമരമുഖത്ത് ഇറങ്ങിയതും. പ്രതിപക്ഷ സമരത്തെ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോള്‍ സ്വന്തം തെറ്റുതിരുത്താന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പിപിഇ കിറ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കണം. തീരുമാനത്തിലെ അവ്യക്തത മാറ്റണം.വിമാനക്കമ്പനികളുടെ മേല്‍ ഈ ഭാരം കെട്ടിവയ്ച്ച് തീരുമാനം നീട്ടിക്കൊണ്ട് പോകരുത്.കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസ് വേണം.അതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. 296 പ്രവാസികള്‍ ഇതിനകം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശനാടുകളില്‍ കൊവിഡ് പിടിപ്പെട്ട് മരിച്ചിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ ദീനരോദനവും കണ്ണീരും കണ്ട് ഇനിയെങ്കിലും മടങ്ങിവരുന്ന പ്രവാസികളോട് കരുണ കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios