കോഴിക്കോട്: കെപിസിസി പുനസംഘടനാ ലിസ്റ്റിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ കെ മുരളീധരൻ എംപിക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ മുരളീധരന് ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഒരിക്കൽ പാര്‍ട്ടി വിട്ട് പോയവരെയും സ്വീകരിച്ച പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ചു. കാര്യങ്ങൾ പറയേണ്ട വേദിയിലാണ് പറയേണ്ടത്. അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും കെപിസിസി പ്രസിഡന്‍റ് കോഴിക്കോട്ട് പ്രതികരിച്ചു.

ഗ്രൂപ്പ് വടംവലികൾക്കും തര്‍ക്കങ്ങൾക്കും ഒടുവിൽ ഇറങ്ങിയ കെപിസിസി ലിസ്റ്റിനെതിരെ കടുത്ത വമിര്‍ശനമാണ് കെ മുരളീധരൻ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്. ബൂത്തിലിരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെപിസിസി സമിതി തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന പലരും അന്തിമ ലിസ്റ്റിൽ ഇടം നേടിയെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. ഇതിനോടാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. 

തുടര്‍ന്ന് വായിക്കാം: പുനഃസംഘടന പോലെ ആണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കിൽ എൽഡിഎഫിന് ഭരണ തുടര്‍ച്ച: കെ മുരളീധരൻ...