കണ്ണൂര്‍: ശരാശരിയിൽ താഴെ നിലവാരമുള്ള വിദ്യാർത്ഥികൾ പിഎസ്‍സി റാങ്കിൽ മുന്നിലെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളായ വിദ്യാർത്ഥികൾക്ക് വേണ്ടി ചില അധ്യാപകർ വ്യാജ പരീക്ഷ എഴുതി. പിഎസ്‍സിയിലെ ക്രമക്കേടുകൾ കേരളത്തിലെ ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ പറഞ്ഞു.

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരജ്ഞിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ശിവരഞ്ജിത്തും നസീമും പിഎസ്സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും.