തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകരക്കാണ്. മുഖ്യ മന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും അതില്‍ ക്രെഡിറ്റ് ഇല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പളളി രാമചന്ദ്രന്റെ പരാമര്‍ശം വിവാദത്തിലായതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി വിശദീകരണവുമായി രംഗത്തെത്തിയത്. ആരോഗ്യമന്ത്രി 'നിപാ രാജകുമാരി', 'കോവിഡ് റാണി' പദവികള്‍ക്കായി നടക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പള്ളി.

പ്രവാസി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷനേതാവിന്റെ ഉപവാസസമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലടക്കം മുല്ലപ്പള്ളിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. മുല്ലപ്പള്ളിക്ക് സ്വബോധം നഷ്ടപ്പെട്ടെന്നും ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ ആരോഗമമന്ത്രിയെ  അപമാനിച്ചുവെന്നും മന്ത്രി എംഎം മണി വിമര്‍ശിച്ചു. 

മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്സിലും രണ്ടഭിപ്രായമുണ്ട്.  പ്രവാസി പ്രശ്‌നത്തില്‍  കടുത്ത പ്രതിരോധത്തിലായ സര്‍ക്കാറിന് പ്രതിപക്ഷത്തെ അടിക്കാന്‍ അനാവശ്യമായി വടി നല്‍കിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. നേരത്തെ ആരോഗ്യമന്ത്രിക്കെതിരായ ചെന്നിത്തലയുടെ മീഡിയാ മാനിയ പരാമര്‍ശം തിരിച്ചടിയുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു .  

ശൈലജക്ക്  അനുകൂലമായുണ്ടായ പ്രചാരണങ്ങള്‍ക്ക് നല്ല പിന്തുണ കിട്ടിയെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. അന്ന് മുതല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി വിഷയങ്ങളിലൂന്ന് സര്‍ക്കാറിനെ നേരിടണമെന്നായിരുന്നു കോണ്‍ഗ്രസ് തന്ത്രം.  പാര്‍ട്ടി അധ്യക്ഷന്റെ വിവാദ പരാമര്‍ശം ആ നീക്കങ്ങള്‍ പൊളിച്ച് പ്രതിപക്ഷത്തെയാകെ പ്രതിരോധത്തിലാക്കി. പക്ഷെ വിവാദം പുകയുമ്പോഴും മുല്ലപ്പള്ളി ഉറച്ചുനില്‍ക്കുകയാണ്.