എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് താനെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

തിരുവനന്തപുരം: ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ ശൈലിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പ്രയോഗത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാന്‍ നടത്തിയിട്ടില്ലെന്നും എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് താനെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവരാണ്. കേരളത്തിലെ ജീവിച്ചിരിക്കുന്ന വന്ദ്യവയോധികയും ഉത്തമ കമ്മ്യൂണിസ്റ്റുമാണ് കെ.ആര്‍.ഗൗരിയമ്മ. കൗരവ സദസില്‍ വസ്ത്രാക്ഷേപത്തിന് വിധേയായ ദ്രൗപതിയെക്കാള്‍ കടുത്ത പീഡനമാണ് തന്റെ പാര്‍ട്ടിയില്‍ നിന്ന് താന്‍ അനുഭവിച്ചതെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ എത്ര തരംതാണതും മോശവുമായ പദങ്ങളുപയോഗിച്ചാണ് അവഹേളിച്ചത്. 

മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരായ പടപ്പുറപ്പാട് കോവിഡ് പ്രതിരോധങ്ങള്‍ പാളിയതിലെ ജാള്യത മറയ്ക്കാനാണെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരെ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിപ പോരാളിയായ ലിനിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭര്‍ത്താവിനെ പ്രാദേശിക നേതാവിന്റെ ഫോണില്‍നിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവര്‍ത്തകന്‍ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നത് ശരിയാണോയെന്ന് അദ്ദേഹം സ്വന്തം മനസാക്ഷിയോട് ചോദിക്കുന്നാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ തൃണവത്കരിച്ച് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നേഴ്സുമാരും ആശാ-അംഗനവാടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ അവരാണ് അത്തരമൊരു വിജയത്തിന്റെ ശില്‍പ്പികള്‍. ആ വിജയത്തിന്റെ കിരീടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞത്.

ആരെയും താന്‍ ആക്ഷേപിച്ചിട്ടില്ല. ഏതൊരു മന്ത്രിയും ചെയ്യുന്നതുപോലെ ഗസ്റ്റ് ഹൗസിലും കളക്ട്രേറ്റിലും വന്നുകൊണ്ട് അവലോകനം നടത്തുകയാണ് മന്ത്രി ചെയ്തത്. അത്തരം മോണിറ്ററി പ്രവര്‍ത്തനം നടത്തിയതില്‍ ഞാന്‍ മന്ത്രിയെ അക്കാലത്ത് തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നു താന്‍ വിശേഷിപ്പിച്ചത്. കോവിഡ് പ്രവര്‍ത്തനങ്ങളുമായി 42 അന്താരാഷ്ട്ര ജേണലുകളില്‍ ലോകത്തിന് തന്നെ ഏറ്റവും പ്രശസ്തമായ നിലയില്‍ കേരളമാണെന്ന് പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിയത്. ബ്രട്ടീഷ് ഗാര്‍ഡിയന്‍ ആരോഗ്യമന്ത്രി റോക്ക് സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചതെന്നാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാന്‍ നടത്തിയിട്ടില്ല. എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഞാന്‍. സ്ത്രികളുടെ ഉന്നമനത്തിനും അവകാശപോരാട്ടത്തിനും മുന്നില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ്. അത് കേരളീയ പൊതുസമൂഹത്തിനറിയാം. ഈ അവസരത്തില്‍ എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവരാണ്. കേരളത്തിലെ ജീവിച്ചിരിക്കുന്ന വന്ദ്യവയോധികയും ഉത്തമ കമ്മ്യൂണിസ്റ്റുമാണ് കെ.ആര്‍.ഗൗരിയമ്മ. കൗരവ സദസില്‍ വസ്ത്രാക്ഷേപത്തിന് വിധേയായ ദ്രൗപതിയെക്കാള്‍ കടുത്ത പീഡനമാണ് തന്റെ പാര്‍ട്ടിയില്‍ നിന്ന് താന്‍ അനുഭവിച്ചത്. ഗൗരിയമ്മ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍,ലതികാ സുഭാഷ്, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ എത്ര തരംതാണതും മോശവുമായ പദങ്ങളുപയോഗിച്ചാണ് അവഹേളിച്ചത്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരായ പടപ്പുറപ്പാട് കോവിഡ് പ്രതിരോധങ്ങള്‍ പാളിയതിലെ ജാള്യത മറയ്ക്കാനാണ്.

നിപ കാലത്ത് പേരാമ്പ്ര ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ എം.പി എന്ന നിലയ്ക്ക് മണ്ഡലത്തില്‍ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കളക്ടര്‍ വിളിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എം.പി എന്ന നിലയില്‍ തന്റെയും യു.ഡി.എഫിന്റെയും എല്ലാ സഹകരണവും ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും വാഗ്ദാനം ചെയ്താണ്. അന്ന് അത് വളരെ പ്രാധാന്യത്തൊടെ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയതാണ്.

നിപ പോരാളിയായ ലിനിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭര്‍ത്താവിനെ പ്രാദേശിക നേതാവിന്റെ ഫോണില്‍നിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവര്‍ത്തകന്‍ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നത് ശരിയാണോയെന്ന് അദ്ദേഹം സ്വന്തം മനസാക്ഷിയോട് ചോദിക്കുന്നാണ് ഉചിതം.ലിനിക്ക് മരണാനന്തര ബഹുമതി നല്‍കണമെന്ന താനും കെ.സി വേണുഗോപാലും എം.കെ.രാഘവനും എം.പിമാര്‍ എന്ന നിലയില്‍ അന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. ആരെയും താന്‍ സ്വഭാവഹത്യ നടത്താറില്ല. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരെ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.