തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും സിപിഎമ്മിനെയും നിശിതമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം കേരളത്തിൽ  ദുരിതങ്ങൾ മാത്രമാണ്. അഴിമതി ആരോപണങ്ങളുയരുമ്പോൾ തുടരേ കള്ളം പറയുന്ന മുഖ്യമന്ത്രിയിൽ വിശ്വാസം ഇല്ലാതായി. 

ചാനൽ ചർച്ചകളിൽ പോകാതെ സിപിഎമ്മിന്‍റെ ചാനൽ തൊഴിലാളികൾ പോലും വിട്ടുനിൽക്കുന്നു. കള്ളം പറയാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് സിപിഎമ്മുകാര്‍ ചാനൽ ചര്‍ച്ചകളിൽ നിന്ന് ബോധപൂർവ്വം മാറി നിൽക്കുന്നത് എന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.

ക്രൂരനായ ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഫാസിസ്റ്റ് മനസാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഏകാധിപതിയാണ്. അതിനാലാണ് റൂൾസ് ഓഫ് ബിസിനസിൽ മാറ്റം വരുത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. റൂൾസ് ഓഫ് ബിസിനസിൽ നേരത്തെ മാറ്റം വരുത്തി. അതിൻ്റെ തെളിവാണ് ശിവശങ്കർ എടുത്ത തീരുമാനങ്ങൾ. സ്പ്രിംക്ലറിൽ സ്വയമെടുത്ത തീരുമാനം ആണെന്ന് എം ശിവശങ്കർ തന്നെ സമ്മതിച്ചതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഓര്‍മ്മിപ്പിച്ചു. 

അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്