തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി പരസ്യമായി വിമര്‍ശിച്ചതിനെതിരെയാണ് അനില്‍ അക്കര രംഗത്ത് വന്നത്. 

രമ്യ ഹരിദാസിന്‍റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്നായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര പറഞ്ഞു. കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

മാസങ്ങളായി തൃശൂരിന് ഡിസിസി പ്രസിഡന്‍റില്ലെന്ന്  ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഡി സി സി പ്രസിഡന്‍റിനെ നിയമിക്കാത്തതിന്‍റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്‍റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കണമെന്നും അനില്‍ അക്കരെ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും ഡി സി സി പ്രസിഡന്‍റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ജില്ലയിലെ സംഘടനാപ്രവര്‍ത്തനം അഴിഞ്ഞ മട്ടിലാണെന്നും പിരിവെടുത്തും ലോണെടുത്തും ഡി സി സി പ്രസിഡന്‍റിനെ നിയമിക്കാന്‍ കഴിയില്ലല്ലോ എന്നും സുനില്‍ ലാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.