Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി ചാൻസലറായിട്ട് എന്തുകാണിക്കാനാണ്? മന്ത്രി ബിന്ദു രാജി വയ്ക്കണം', മുല്ലപ്പള്ളി

ധാർമികതയുണ്ടെങ്കിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടത്. ഗവർണർക്കും പിഴവുപറ്റിയെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നതെങ്കിൽ ഗവർണർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

Mullappally Ramachandran On University Appointment Row Between Governor And CM In Kerala
Author
Kozhikode, First Published Dec 16, 2021, 12:54 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായിട്ട് എന്ത് കാണിക്കാനാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ധാർമികതയുണ്ടെങ്കിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലകളിലെ വിവാദനിയമനങ്ങളിലെ തർക്കങ്ങളിൽ, ഗവർണർക്കും പിഴവുപറ്റിയെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നതെങ്കിൽ ഗവർണർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

ചാൻസലറാകാൻ ഗവർണർതന്നെയാണ് യോഗ്യനെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുന്നു. സർവകലാശാലകളിൽ സിപിഎം ബന്ധുനിയമനങ്ങൾ നടത്തുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സിപിഎം പലയിടത്തും നടത്തുന്നത് സുതാര്യതയില്ലാത്ത നിയമനങ്ങളാണ്. 

വിവാദത്തിൽ ഗവർണർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും, ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ ഇടപെടൽ ഉചിതമല്ലെന്നും അനധികൃതമായി സർവകലാശാലകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാൻ സാധ്യമല്ലെന്നും, ഇതുമായി നടക്കുന്ന പല വിവാദങ്ങളിലും കഴമ്പുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. 

കണ്ണൂർ വിസി നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നൽകാനാണ് സിപിഎം നീക്കം. അതേ സമയം മന്ത്രി ബിന്ദുവിന്‍റെ രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തന്നെ വ്യക്തമാക്കി. സർക്കാറിനൊപ്പം സമ്മർദ്ദത്തിന് വഴങ്ങിയതിന് ഗവർണറെയും വിമർശിക്കുന്നു യുഡിഎഫ്. എന്നാൽ ഈ നിലപാടിന് വിരുദ്ധമായി താൻ ഗവർണർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്. 

Follow Us:
Download App:
  • android
  • ios