Asianet News MalayalamAsianet News Malayalam

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണം; മുല്ലപ്പള്ളി

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran says special consideration for gadgil report
Author
Thiruvananthapuram, First Published Aug 17, 2019, 5:12 PM IST

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൗരവത്തോടെ പഠനവിധേയമാക്കി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സംസ്ഥാനത്ത് വരാന്‍ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് ജനങ്ങളേ ബോധവാന്‍മാരാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി മലയോര മേഖലകളില്‍ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയെയോ റിസോര്‍ട്ട് ഉടമകളേയോ സഹായിക്കാന്‍ വേണ്ടിയല്ല യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് എടുത്തത്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇനിയൊരു കടന്നാക്രമണവും കയ്യേറ്റവും നമ്മുക്ക് അനുവദിച്ചുകൂടാ. ഈ ആവാസവ്യവസ്ഥ മനുഷ്യന് മാത്രമല്ല സര്‍വ്വചരാചരങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വ കലവറയാണ് പശ്ചിമഘട്ടം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലായി 1600 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ നമ്മുടെ നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ ഭാഗമായ പശ്ചിമഘട്ട മലനിരകളില്‍ നിന്നുമാത്രം 44 നദികളാണ് ഉത്ഭവിക്കുന്നത്. നമ്മുടെ നാടിന്റെ സമൃദ്ധിയും പച്ചപ്പും പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് തകര്‍ക്കാനും ചൂക്ഷണം ചെയ്യാനും ആര്‍ക്കും അവകാശമില്ല. 

വരുന്ന തലമുറയ്ക്ക്  ഒരു പരിക്കും കൂടാതെ ഇവ സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് നമ്മുടെ ചുമതല. പ്രകൃതിയിലേക്ക് മടങ്ങുക, അത് നന്മയുടെ തുടക്കം ആയിരിക്കും എന്നാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. നമ്മുടെ ആവശ്യത്തിനുള്ളത് പ്രകൃതി ഒരുക്കിയിട്ടുണ്ടെന്നും അത് അത്യാര്‍ത്ഥിക്ക് തികയില്ലായെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. കാല്‍പ്പനിക മനസ്സോട് കൂടിയാണ് പ്രകൃതി സ്നേഹിയായ നെഹ്റു പരിസ്ഥിതിയെ കുറിച്ച് പറഞ്ഞത്.

സൈലന്റ് വാലിയിലെ നിത്യഹരിത വനങ്ങളിലും ജൈവ വൈവധ്യങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ നാം ഓര്‍ക്കണം. 1986 ല്‍ ഇന്ത്യക്ക് അനുയോജ്യമായ പരിസ്ഥിതി നിയമം നിര്‍മ്മിച്ച രാജീവ് ഗാന്ധിയേയും നമ്മുക്ക് മറക്കാന്‍ സാധ്യമല്ല. ഈ പാരമ്പര്യമൂല്യങ്ങളാണ് നമ്മള്‍ ഉയര്‍ത്തിപിടിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios