Asianet News MalayalamAsianet News Malayalam

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച: അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ബിനോയ് സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച തീര്‍പ്പാക്കുമെന്ന് കോടതി. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ പൊലീസിന് നിര്‍ദേശം. 

mumbai court holds binoys arrest till monday
Author
Mumbai, First Published Jun 27, 2019, 4:47 PM IST

മുംബൈ: ബിഹാർ സ്വദേശി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. ബിനോയ് സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയുടേതാണ് നടപടി. അതേസമയം പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.

ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്‍റെ രേഖകളാണ് പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചത്. സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയിൽ ഐഡിയിലേക്കാണ് വിസ അയച്ചത്. വിസയ്ക്കൊപ്പം ദുബായ് സന്ദർശിക്കാൻ വിമാന ടിക്കറ്റുകളും ഇ മെയിൽ വഴി അയച്ച് നൽകിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ മുൻ മന്ത്രിയാണെന്ന വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു.

Also Read: പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകള്‍, പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനും നീക്കം

ബിനോയിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍, പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജൂൺ 13 ന് മുംബൈ ഓഷിവാര സ്റ്റേഷനിൽ യുവതി പീഡന പരാതി നൽകിയപ്പോൾ അത് നിഷേധിച്ച ബിനോയ്, മുംബൈ പൊലീസ് കേരളത്തിൽ എത്തിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ കോടതിയിൽ ബിനോയ് മുന്‍കൂര്‍ ജാമ്യഹർജി നൽകിയത്. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനാണ് പരാതിനൽകിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകൻ പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ബിനോയ് തന്നെ വിവാഹം കഴിച്ചതാണെന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ യുവതി പറയുന്നു. എന്നാൽ പൊലീസിൽ നൽകിയ പരാതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആൺകുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28 ന് സത്യവാങ്മൂലം മുംബൈ നോട്ടറിക്ക് മുമ്പാകെ രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബായിലായിരുന്നെന്ന് തെളിയിക്കുന്ന പാസ്പോർട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി. 

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും പൊലീസ് കോടതിയിൽ നൽകി. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയിക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

Follow Us:
Download App:
  • android
  • ios