2024 ഒക്ടോബര്‍ 13 നാണ് രാജ്യത്തൊട്ടാകെ ചര്‍ച്ചയായ വഖഫ് ഭൂ സമരം മുനമ്പത്ത് തുടങ്ങിയത്. കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതോടെയാണ് സമരക്കാർക്ക് ആശ്വാസമായത്

കൊച്ചി: മുനമ്പത്തെ ഭൂ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സമര സമിതി കോര്‍ കമ്മറ്റി യോഗം ഇന്ന് ചേരും. ഇന്നലെ രാത്രി ചേരേണ്ട യോഗം വിപുലമായ ചര്‍ച്ചക്ക് വേണ്ടിയാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ച് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ചടങ്ങ് നടത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. നാലോ അഞ്ചോ ദിവസം കാത്തിരുന്നാലും എല്ലാവരെയും ക്ഷണിക്കണമെന്നാണ് സമരസമിതിയുടെ പൊതു അഭിപ്രായം. ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമായ തീരുമാനമുണ്ടാകും. 2024 ഒക്ടോബര്‍ 13 നാണ് രാജ്യത്തൊട്ടാകെ ചര്‍ച്ചയായ വഖഫ് ഭൂ സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതോടെയാണ് സമരക്കാർക്ക് ആശ്വാസമായത്.

ഹൈക്കോടതി ഉത്തരവ് ഇപ്രകാരം

വഖഫ് ഭൂമി തർക്കത്തിൽ പ്രതിസന്ധിയിലായ മുനമ്പത്തുകാർക്ക് ഇടക്കാല ആശ്വാസമേകുന്നതായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി ഉത്തരവ്. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. സങ്കീർണമായ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികൾ തീർപ്പാക്കും വരെ കരമൊടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ കരം സ്വീകരിക്കുന്നതിനെ വഖഫ് സംരക്ഷണ വേദി കോടതിയിൽ എതിർപ്പറിയിച്ചിരുന്നു. കരമൊടുക്കാമെന്ന ഇടക്കാല ഉത്തരവ് ഒന്നരവർഷമായി സമരമിരിക്കുന്ന മുനമ്പത്തുകാർക്ക് മുന്നോട്ട് കൂടുതൽ കരുത്താകും. ഭരണഘടന ദിനത്തിൽ വന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്നായിരുന്നു മുനമ്പം സമരസമിതി പിന്നാലെ പ്രതികരിച്ചത്.

കരം അടയ്ക്കലിലെ പ്രതിസന്ധി നീങ്ങി

2019 ലാണ് മുനമ്പത്തെ 615 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് രജിസ്ട്രറിയിലേക്ക് എഴുതി എടുക്കാൻ തീരുമാനിക്കുന്നത്. ഇത് അറിയിച്ച് നോട്ടീസ് നൽകിയത് 2022 ലാണ്. അത് വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്ക് പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ച് പോയി. ഈ പ്രതിസന്ധിക്ക് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി പരിഹാരം കണ്ടതോടെയാണ് സമരം അവസാനിക്കുന്നത്.