മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ പ്രദേശവാസികളുടെ റിലേ നിരാഹാര സമരം തുടരുന്നതിനിടെ റീസർവേ നടത്തുമെന്ന പ്രചാരണം തള്ളി മന്ത്രി രാജീവ്

കൊച്ചി: മുനമ്പത്ത് റീസർവെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃ‌ഷ്‌ടിയാണെന്ന് മന്ത്രി പി രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ല. ഇവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിലേക്ക് പോകാനാവൂ. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്‌ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടതെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവ‍ടത്തകരോട് പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ പ്രദേശവാസികളുടെ റിലേ നിരാഹാര സമരം 37ാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ സമരം തുടരാനാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിന്റെ ആഭിമുഖ്യത്തിൽ ബിഷപ്പുമാർ സമരപ്പന്തൽ സന്ദർശിക്കും. വഖഫ് നിയമം ഭേദഗതി ചെയ്യണമെന്നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ ആവശ്യം.

'സന്ദീപ് വാര്യർ ചേരേണ്ടിടത്ത് ചേർന്നു'

സന്ദീപ് വാര്യരുടെ നേതാവ് ഇപ്പോഴും നരേന്ദ്ര മോദി തന്നെയാണെന്നും മന്ത്രി രാജീവ് പറഞ്ഞു. അതുകൊണ്ടാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് മുൻപ് സന്ദീപ് കോൺഗ്രസിൽ ചേരാതിരുന്നത്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാൾ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമ്പോൾ ശാഖ നടത്തിയ ആൾക്ക് കോൺഗ്രസ് അധ്യക്ഷനാകാം. കേരളത്തിലെ ബിജെപിക്കും കോൺഗ്രസിനും നേതൃത്വം നൽകുന്നത് അഖിലേന്ത്യാ ബിജെപി നേതൃത്വമാണ്. സന്ദീപ് വാര്യർ മുൻകൂട്ടി നിലപാട് വ്യക്തമാക്കിയില്ല. ആദ്യം സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കട്ടെയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടെന്നും രാജീവ് ചൂണ്ടിക്കാട്ടി.