ദൗത്യസംഘം നടപടിയെടുക്കുമോ?; മൂന്നാറിലെ വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ സഹോദരനും
മൂന്നാർ- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേർന്നുളള ടൂറിസം സംരംഭം. ഒറ്റനോട്ടത്തിൽ മൂന്നാറിലെത്തുന്ന ഏതു സഞ്ചാരിയേയും ആകർഷിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ. അഞ്ഞൂറ് രൂപ വീശിയാൽ ദേശീയ പാതയോരത്തെ കുന്നിൻ മുകളിൽ നിന്ന് എതിർവശത്തെ കുന്നിൻ ചെരുവിലേക്ക് കല്ലാർ പുഴയുടെ മുകളിലൂടെ സിപ് ലൈനിൽ തുങ്ങിയിറങ്ങാം.

മൂന്നാർ: മൂന്നാറിൽ ദൗത്യസംഘം ഒഴിപ്പിക്കേണ്ട വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ കയ്യേറ്റവും. സർക്കാർ ഭൂമി കയ്യേറിയാണ് ലംബോധരൻ അഡ്വഞ്ചർ പാർക്ക് അടക്കം നിർമ്മിച്ചിരിക്കുന്നത്. എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് നിർമ്മാണം. അതേസമയം, മൂന്നാർ ഒഴിപ്പിക്കലിനായി മലകയറുന്ന ദൗത്യസംഘം എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ കയ്യേറ്റം ഒഴിപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. റിസോർട്ടുകൾക്കു പുറമേ വാട്ടർ തീം പാർക്കുകൾ അടക്കമുളളവയാണ് സർക്കാർ ഭൂമി കയ്യേറി വൻകിടക്കാൻ ഇവിടെ നിർമിച്ചിരിക്കുന്നത്.
മൂന്നാർ- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേർന്നൊരു ടൂറിസം സംരംഭമുണ്ട്. ഒറ്റനോട്ടത്തിൽ മൂന്നാറിലെത്തുന്ന ഏതു സഞ്ചാരിയേയും ആകർഷിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ. അഞ്ഞൂറ് രൂപ വീശിയാൽ ദേശീയ പാതയോരത്തെ കുന്നിൻ മുകളിൽ നിന്ന് എതിർവശത്തെ കുന്നിൻ ചെരുവിലേക്ക് കല്ലാർ പുഴയുടെ മുകളിലൂടെ സിപ് ലൈനിൽ തുങ്ങിയിറങ്ങാം. സംരംഭം നടത്തുന്നത് സിപി എമ്മിന്‍റെ മുതിർന്ന നേതാവും മുൻമന്ത്രിയും എം എൽ എയുമായ എം എം മണിയുടെ സഹോദരൻ എം എം ലംബോധരൻ. കൂടുതലൊന്നും പറയുന്നില്ല. ഈ സംരംഭത്തെപ്പറ്റി റവന്യൂ വകുപ്പ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടൊന്നു കാണണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ആ റിപ്പോർട്ടിൽ.
1. ദേശീയ പാതയുടെ ഉടമസ്ഥതയിലുളള പുറന്പോക്കിലും ആനവിരട്ടി വില്ലേജിലും ഉൾപ്പെടുന്ന സർക്കാർ ഭൂമിയിലാണ് നിർമാണം. 2. പദ്ധതിക്ക് റവന്യൂ വകുപ്പിന്‍റെ എൻ ഒ സി വാങ്ങിയിട്ടില്ല. അങ്ങനെയൊന്നിന്‍റെ ആവശ്യമില്ലെന്ന് ലംബോധരൻ പറഞ്ഞെന്നാണ് റവന്യൂ വകുപ്പ് റിപ്പോർട്ട്
3. പട്ടയഭൂമിയുടെ മുകളിൽക്കൂടിയുളള നിർമാണം ഭൂപതിവ് ചട്ടങ്ങളുടെയും പട്ടയ വ്യവസ്ഥകളുടെയും ലംഘനമാണ്. കൃഷിയ്ക്കായി നൽകിയ പട്ടയ ഭൂമിയിൽ ടൂറിസം പദ്ധതി തുടങ്ങിയത് അംഗീകരിക്കാനാകില്ല
4. പട്ടയം റദ്ദു ചെയ്ത് അനധികൃത നിർമാണങ്ങൾ ഉടനടി നീക്കം ചെയ്യണം.
5. പദ്ധതിക്കായി ഭൂമിയിടിച്ച് റോഡുണ്ടാക്കിയതും നിയമവിരുദ്ധ പ്രവർത്തിയാണ്. ഇത് പഴയപടിയാക്കണം.
കൈയ്യേറ്റമൊഴിപ്പിക്കാൻ വീണ്ടും ദൗത്യ സംഘം മൂന്നാറിലെത്തുമ്പോൾ നെഞ്ചുപിടയുന്ന ജീവിതങ്ങൾ ഒരുപാടുണ്ട്
റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും ലംബോധരന് മാത്രം കുലുക്കമില്ല. എം എം മണിയുടെ സഹോദരനായിപ്പോയതുകൊണ്ട് മാത്രം റവന്യൂ ഉദ്യോഗസ്ഥർ വേട്ടയാടുന്നെന്നാണ് ലംബോധരന്‍റെ വാദം. ഇനി കുഞ്ചിത്തണ്ണിയിലെ ഈ വാട്ടർ തീം പാർക്കിന്‍റെ ആകാശ ദൃശ്യങ്ങളൊന്നു കാണണം. ഡ്രീം ലാൻഡ് സ്പൈസസ് പാർക് എന്നാണ് പേര്. 2.43 ഹെക്ടറിൽ അനധികൃത നിർമാണമെന്നാണ് റവന്യൂ വകുപ്പിന്‍റെ റിപ്പോർട്ട്. പദ്ധതി തുടങ്ങാൻ വേണ്ട അനുമതി വാങ്ങിയിട്ടുമില്ല. കയ്യേറ്റക്കാരുടെ പട്ടികയിൽ ഈ വാട്ടർ തീം പാർക്കുമുണ്ട്. കയ്യേറ്റക്കാർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമോ എന്നതാണ് ഉയർന്നുവരുന്ന ചോദ്യം. അതോ ദൗത്യ സംഘം വെറും കടലാസു പുലി മാത്രമാവുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.youtube.com/watch?v=Ko18SgceYX8