മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായി, അടച്ചുപൂട്ടൽ  മൂന്നാറിന്‍റെ മണ്ണും വിണ്ണുമെല്ലാം കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്. മഴ നേർത്ത് നേർത്ത് ഇപ്പോൾ മഞ്ഞിന് വഴിമാറി.

മൂന്നാ‍ർ: മാസങ്ങൾ നീണ്ട അടച്ചിടലിന് ശേഷം മൂന്നാർ ഇന്ന് വിനോദ സഞ്ചാരികൾക്കായി പൂർണ്ണമായി തുറക്കുന്നു. മാട്ടുപ്പെട്ടിയിലും രാജമലയിലേക്കും പ്രവേശനം അനുവദിക്കുന്നതോടെ സഞ്ചാരികളുടെ വരവ് കൂടുമെന്ന് പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല. ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ വർക്ക് വിത്ത് വെക്കേഷൻ എന്ന ആശയവും മൂന്നാറിൽ ഹോട്ടലുടമകൾ ആരംഭിച്ചിട്ടുണ്ട്.

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായി, അടച്ചുപൂട്ടൽ മൂന്നാറിന്‍റെ മണ്ണും വിണ്ണുമെല്ലാം കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്. മഴ നേർത്ത് നേർത്ത് ഇപ്പോൾ മഞ്ഞിന് വഴിമാറി. വരയാടുകളും, വെള്ളച്ചാട്ടവുമെല്ലാമായി മൂന്നാർ മുൻപത്തേക്കാൾ സുന്ദരമായി തോന്നുമിപ്പോൾ. രണ്ട് പ്രളയവും, പിന്നാലെ എത്തിയ കൊവിഡും, നാല് സീണണുകളാണ് മൂന്നാറിന് നഷ്ടമാക്കിയത്. ദിനം പ്രതി 35 കോടി രൂപയുടെ വരുമാന നഷ്ടം മൂന്നാറിന് മാത്രമുണ്ടെന്ന് വിനോദ സ‌ഞ്ചാരമേഖലയിലുള്ളവർ പറയുന്നു. എങ്കിലും ഓണത്തിന് മുൻപ് വിനോദ സ‌ഞ്ചാരമേഖല തുറക്കുന്നത് പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്

ചെറുതും വലുതുമായി 700 ലേറെ റിസോർട്ടുകൾ മൂന്നാറിലും പരിസരങ്ങളിലുമുണ്ട്. 17,000 ത്തിലധികം പേരാണ് മൂന്നാറിനെ ചുറ്റിപ്പറ്റി തൊഴിൽ ചെയ്ത് ജീവിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളെയാണ് മൂന്നാറിലേക്ക് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അത്തരക്കാർക്ക് ഹോട്ടലുകളിൽ താമസിച്ച് ജോലിയും വെക്കേഷനും ആസ്വദിക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 

മൂന്നാറിൽ നിലവിൽ 40 ശതമാനത്തോളമാണ് വാക്സിനേഷൻ പൂർത്തിയായിട്ടുള്ളത്. മുഴുവൻ പേർക്കും വാക്സീൻ നൽകാൻ നടപടി വേണമെന്ന ആവശ്യവും വ്യാപാരികൾ ഉയർത്തുന്നുണ്ട്. 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ റിസർട്ട്. അല്ലെങ്കിൽ ഒരു ഡോസ് വാക്സീൻ. അങ്ങനെയാണെങ്കിൽ മൂന്നാറിലേക്ക് വണ്ടികയറാം. കൊവിഡ് കാലത്തെ കരുതൽകൂടെ വേണമെന്നത് മറക്കരുത്.