കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നാളെ തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമാകും. എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ, സുനിൽ കനഗോലുവിന്‍റെ സർവേ റിപ്പോർട്ടുകൾ നിർണായകമാകും
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് നാളെ ഔദ്യോഗിക തുടക്കം. എ ഐ സി സി സ്ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി നാളെ തിരുവനന്തപുരത്തെത്തും. ഗ്രൂപ്പ് വീതം വയ്പും, ഓരോ മണ്ഡലത്തിലെയും മൂന്ന് പേരുള്ള പട്ടികയിലുമാകും ആദ്യഘട്ട ചര്‍ച്ച. ഗ്രൂപ്പ് വീതം വയ്പോ, മത്സരിച്ചേ മതിയാകൂ എന്ന നേതാക്കളുടെ പിടിവാശിയോ അംഗീകരിക്കില്ലെന്ന സൂചനയാണ് സ്ക്രീനിംഗ് കമ്മിറ്റി നല്‍കുന്നത്. വയനാട്ടിലെ ലക്ഷ്യ ക്യാമ്പില്‍ നിന്ന് വലിയ ആവേശം ഉൾക്കൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. കനഗോലുവിന്‍റേതടക്കം സര്‍വേ റിപ്പോര്‍ട്ടുകള്‍ എ ഐ സി സിയുടെ മുന്‍പിലുള്ളപ്പോള്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് ഹൈക്കമാൻഡിന്‍റെ നീക്കമെന്നാണ് വ്യക്തമാകുന്നത്.
കനഗോലുവിന്‍റെ സർവേ റിപ്പോർട്ടും ചർച്ചയാകും
ചര്‍ച്ചകള്‍ക്കായി സ്ക്രീനിംഗ് കമ്മിറ്റി നാളെ തിരുവന്തപുരത്തെത്തുമ്പോൾ സ്ഥാനാർഥി ചർച്ചകൾ അതിവേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ രണ്ടോ മൂന്നോ ദിവസം സിറ്റിംഗ് നടക്കും. കെ പി സി സി തയ്യാറാക്കിയ പട്ടികയില്‍ എ ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരമാകും ചര്‍ച്ച. ഓരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറാക്കാനാണ് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗ്രൂപ്പ് വീതം വയ്പ് പാടില്ല. വിജയ സാധ്യത മാത്രം മാനദണ്ഡമാകുമ്പോള്‍ മത്സരിച്ചേ മതിയാവൂയെന്ന നേതാക്കളുടെ പിടിവാശിയും പതിവ് പോലെ അംഗീകരിക്കില്ല. കനഗോലുവിന്‍റേതടക്കം സര്‍വേ റിപ്പോര്‍ട്ടുകള്‍ എ ഐ സി സിയുടെ മുന്‍പിലുള്ളപ്പോള്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് നീക്കം. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഇതുവരെയുള്ള നിലപാട്. പ്രതിപക്ഷ നേതാവിന്‍റെ കേരള യാത്ര അവസാനിക്കുമ്പോഴേക്കും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.
മിസ്ത്രി നിഷ്പക്ഷനാകുമോ?
കേരളത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡുമായി കൂടി നടത്തിയ ചര്‍ച്ചക്ക് ശേഷം ദില്ലിയിലായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം. മാനദണ്ഡങ്ങള്‍ കടുപ്പിക്കുമ്പോള്‍ തന്നെ ദേശീയ നേതാക്കളുള്ള സ്ക്രീനിംഗ് കമ്മിറ്റിക്ക് മേല്‍ ദില്ലിയുടെ സമ്മര്‍ദ്ദമുണ്ടാകില്ലേയെന്ന സംശയം ചില സംസ്ഥാന നേതാക്കളെങ്കിലും പങ്ക് വയക്കുന്നുണ്ട്. മുന്‍പ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, തരൂരുമേറ്റുമുട്ടിയ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വരണാധികാരിയായിരുന്ന മിസ്ത്രിയുടെ നിലപാട് നിഷ്പക്ഷമായിരുന്നില്ലെന്ന് അന്ന് തരൂരിനെ പിന്തുണച്ചിരുന്ന നേതാക്കള്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തേക്ക് നിരീക്ഷകരെ അയച്ചും എ ഐ സി സി ഇക്കുറി സാഹചര്യം നിരന്തരം വിലയിരുത്തും. കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയം നേടേണ്ടത്, ദേശീയ തലത്തില്‍ ദുർബലമായ പാര്‍ട്ടിക്ക് ഇക്കുറി ഏറെ പ്രധാനപ്പെട്ടതാണ്.


