ഇടുക്കി: ലോക്ഡൗണിൽ വിനോദസഞ്ചാരത്തിന് വിലക്ക് വീണതോടെ മൂന്നാറിലെ വഴിയോരക്കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വേനൽക്കാല അവധി കച്ചവടം മുന്നിൽ കണ്ട് വായ്പ എടുത്ത് കട വിപൂലികരിച്ചവർ എന്തു ചെയ്യുമെന്ന് അറിയാതെ പ്രതിസന്ധിയിലാണ്. ലോക്ഡൗൺ എത്തുന്നതിന് മുമ്പേ മൂന്നാർ കാലിയായിരുന്നു. മൂന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 15 ന് ഇവിടെ വിനോദ സഞ്ചാരത്തിന് വിലക്ക് വീണു.

സഞ്ചാരികൾ കൂട്ടമായി എത്താറുള്ള മാട്ടുപ്പെട്ടി, ഇക്കോപോയന്‍റ്, തുടങ്ങി എല്ലായിടത്തും കഴിഞ്ഞ ഒന്നരമാസമായി ആരുമില്ല. സഞ്ചാരികൾക്കായി കുതിര സവാരി നടത്തി ഉപജീവനം കഴിച്ചിരുന്നവരും നിരാശയിലാണ്. കുതിരയ്ക്ക് ഭക്ഷണം വാങ്ങി നൽകാൻ പോലും നിവൃത്തിയില്ലാത്ത സ്ഥിതി. മാട്ടുപ്പെട്ടി, ഇക്കോപോയിന്റ്, കുണ്ടള, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ അഞ്ഞൂറോളം കച്ചവടക്കാരാണ് വരുമാനമില്ലാതെ പ്രതിസന്ധി നേരിടുന്നത്. ലോക്ഡൗൺ അവസാനിച്ചാലും സഞ്ചാരികളെത്തി വീണ്ടും വരുമാനം ഉണ്ടാകാൻ മാസങ്ങളെടുക്കും. അതുവരെ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ആശങ്കയിലാണിവർ.