പൂണെ: നാലുവര്‍ഷമായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ്  മുരളി കണ്ണമ്പള്ളി ജയില്‍ മോചിതനായി. കഴിഞ്ഞ ഫെബ്രുവരിയില്‍ ബോംബേ ഹൈക്കോടതി മുരളിക്ക് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് മഹാരാഷ്ട്ര ഗവണ്‍മെന്‍റ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ്  ജയില്‍ മോചനം സാധ്യമായത്. 

മുരളിക്ക് വേണ്ടി ജാമ്യം നിന്നത് കേരളത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു. പുണെ കോടതി വെരിഫിക്കേഷന്‍ പ്രക്രിയക്ക് വേണ്ട രേഖകളെല്ലാം കേരളത്തിലേക്ക് അയച്ചുകൊടുത്തിരുന്നു. വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ താമസിച്ചതിനാലാണ് മുരളിയുടെ ജയില്‍ മോചനം നീണ്ടുപോയത്. 

ചൊവ്വാഴ്ച വൈകിട്ട്  അഞ്ചരയോടെ യെര്‍വാദ ജയിലില്‍ നിന്നും മുരളി പുറത്തിറങ്ങിയെന്ന് അഭിഭാഷകന്‍ രാഹുല്‍ ദേശ്‍മുഖ് പറഞ്ഞു. വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. 2015 മേയ് എട്ടിന് രാജ്യദ്രോഹക്കുറ്റം ചുമത്തി പുണെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുരളിയെയും സഹായിയെയും പുണെയ്ക്കടുത്തുള്ള താലേഗാവ് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

മുരളിയുടെ പക്കല്‍ നിന്ന് സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ചില വസ്തുക്കളും  കൃത്രിമ പാന്‍കാര്‍ഡും കണ്ടെടുത്തെന്ന് തീവ്രവാദ വിരുദ്ധ സ്‍ക്വാഡ് അവകാശപ്പെട്ടിരുന്നു. 2016 സെപ്‍റ്റംബറില്‍ മുരളി സമര്‍പ്പിച്ച ജാമ്യം പുണെ പ്രത്യേക യുഎപിഎ കോടതി തള്ളിയിരുന്നു.