20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരെ നല്‍കിയ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചിരുന്നെങ്കിലും ശിക്ഷ മരവിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് വി കെ നിഷാദ് സുപ്രീംകോടതിയിലെത്തിയത്.
കണ്ണൂർ: പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ് സുപ്രീംകോടതിയിൽ. 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരെ നല്‍കിയ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചിരുന്നെങ്കിലും ശിക്ഷ മരവിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് വി കെ നിഷാദ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തില്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാണ് നിഷാദിന്‍റെ ആവശ്യം.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ആറ് മാസത്തിനിടെ മൂന്ന് തവണ നിഷാദിന് പരോള്‍ ലഭിച്ചത് വിവാദമായിരുന്നു. ഡിസംബർ 26 നാണ് നിഷാദ് ആദ്യം പരോളിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ വിശദീകരണം. കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു.
