കൊച്ചി: വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‍ത്തി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ വധശ്രമത്തിന് കേസ്. വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നൽകിയതോടെ കുസാറ്റിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു

വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‍ത്തി ആക്രമിച്ചെന്ന് ആരോപണത്തില്‍ കുസാറ്റില്‍  സംഭവത്തില്‍ കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍  ഇന്ന് രാവിലെ പ്രതിഷേധിച്ചിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു,  പ്രസിഡന്‍റ് രാഹുല്‍ പേരാളം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നായിരുന്നു പരാതി. ഇന്നലെ രാത്രിയാണ് നാലാം വർഷ ഇൻസ്ട്രുമെന്‍റേഷന്‍ വിദ്യാർഥി ആസിൽ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐ നേതാക്കളെയടക്കം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‍മിനിസ്ട്രേറ്റീവ് ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു. തലയിലടക്കം പരുക്കേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. 

ഏതാനും ദിവസം മുമ്പ് ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യം.